കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കേ, ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി

16 second read

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കേ, ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനായി നിര്‍ത്തേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായി. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്‍കും.

മത്സരിക്കാനില്ലെന്ന് തീര്‍ത്തുപറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ രാഹുല്‍ മറിച്ചെന്തെങ്കിലും തീരുമാനിച്ചാലേ മാറ്റംവരൂ. ഇതിന് സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സി. വേണുഗോപാലിന്റെ കാര്യവും രാഹുല്‍ തീരുമാനിക്കും. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലുള്‍പ്പെടെ, സിറ്റിങ് എം.പി.മാരുടെ മണ്ഡലങ്ങളില്‍ മറ്റാരുടെയും പേരുകള്‍ നല്‍കിയിട്ടില്ല എന്നതിനാലാണിത്. വേണുഗോപാലിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ ആവശ്യമായതിനാല്‍ അദ്ദേഹം മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു. വേണുഗോപാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ വയനാട്ടിലാവും സ്ഥാനാര്‍ഥി.
എറണാകുളത്ത് കെ.വി. തോമസിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. സിറ്റിങ് എം.പി.മാര്‍ക്കെല്ലാം സീറ്റുനല്‍കുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനം വന്നാലേ വയനാട്, വടകര, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാവൂ. ഇതിനനുസൃതമായി ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലും നിലപാടെടുക്കും. അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ നിര്‍ത്തണോ ആലപ്പുഴയില്‍ നിര്‍ത്തണോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

വെള്ളിയാഴ്ച രാവിലെമുതല്‍ തുടങ്ങിയ സ്ഥാനാര്‍ഥി ചര്‍ച്ച രാത്രി എട്ടുവരെ നീണ്ടു. രാവിലെ കേരളഹൗസില്‍ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ചാണ്ടി എന്നിവര്‍ കൂടിയാലോചന നടത്തി. പിന്നീട് എ.കെ. ആന്റണിയുടെ വസതിയിലേക്കുപോയി. ഇതിനിടെ ജി.ആര്‍.ജി. റോഡിലെ കോണ്‍ഗ്രസ് ‘യുദ്ധമുറി’യിലേക്ക് കെ.വി. തോമസിനെ വിളിപ്പിച്ചു. ചര്‍ച്ച കഴിഞ്ഞ് പുറത്തേക്കുവന്ന തോമസ് പാര്‍ട്ടിയുടെ എന്തു തീരുമാനവും അംഗീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നിന് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചയ്ക്ക് പുറപ്പെടുന്നതിനുമുമ്പും ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചനടത്തി. തുടര്‍ന്നായിരുന്നു മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍ എന്നിവരുമായുള്ള സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ച.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…