മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ മനാമയിലെ 200 വര്‍ഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. കൈകള്‍ കൂപ്പി പ്രാര്‍ഥനാനിരതനായി നില്‍ക്കുന്നതിന്റെ ദൃശ്യം അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ തെളിവാണ്’ എന്ന കുറിപ്പോടെയാണ് ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്
ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടി രൂപ) പദ്ധതിയും മോദി പ്രഖ്യാപിച്ചു. ബഹ്റൈനിലും റുപേ കാര്‍ഡ് അവതരിപ്പിച്ച മോദി ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം റുപേ കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങിയത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ഫലകവും അദ്ദേഹം അനാവരണം ചെയ്തു. ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.