നെടുമ്പാശ്ശേരി: പുലര്‍ച്ചെ മുതല്‍ ഹോട്ടലില്‍ ജോലി ചെയ്ത ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ പിന്തുടര്‍ന്ന് കടത്തിണ്ണയിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നെടുമ്പാശ്ശേരിക്കടുത്ത് ഒരു ഗ്രാമത്തിലാണ് നടന്നത്. പുറയാര്‍ മൈലിക്കര വീട്ടില്‍ നിധിന്‍ (36), പുതുവാശേരി ആര്യാമ്പിള്ളി വീട്ടില്‍ സത്താര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
നെടുമ്പാശ്ശേരിക്കടുത്ത് ഒരു ഗ്രാമത്തിലെ ഒരു ചെറിയ ഹോട്ടലിലെ ജീവനക്കാരിയാണ് എഴുപതു കാരിയായ വീട്ടമ്മ. കുടുംബത്തിലെ കടബാധ്യത മൂലമാണ് ഹോട്ടലില്‍ ജോലി നോക്കുന്നത്. പതിവുപോലെ ഈ മാസം 19-ന് രാത്രി 9.30-ഓടെ ഹോട്ടലിലെ പണി കഴിഞ്ഞ് തൊട്ടടുത്തുള്ള വീട്ടിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയോട് തങ്ങളുമായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് ചെവിക്കൊള്ളാതെ നടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ ചേര്‍ന്ന് ഹോട്ടലിനടുത്തുള്ള കടത്തിണ്ണയിലേക്ക് വൃദ്ധയെ തള്ളിയിട്ട ശേഷം മാനഭംഗപ്പെടുത്തിയത്. രാത്രിയായതിനാല്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ല. ശരീരത്തിന് മുറിവേറ്റെങ്കിലും വീട്ടമ്മ ഇവരില്‍നിന്നു കുതറിമാറുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി.
മാനഭംഗത്തിനു പുറമേ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തതായി നെടുമ്പാശ്ശേരി സി.ഐ. പി.എം. ബൈജു അറിയിച്ചു. സംഭവത്തിനു ശേഷം യുവാക്കള്‍ കൊരട്ടിയിലെ ഒരു ബന്ധുവീട്ടിലെത്തി. തുടര്‍ന്ന് അവിടെ നിന്ന് ബെംഗളൂരുവിലേക്ക് കടന്നു. അവിടെ രണ്ടു ദിവസം തങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തി. വീണ്ടും മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. നിധിന്‍ പെയിന്റിങ് തൊഴിലാളിയാണ്. സത്താര്‍ ഡ്രൈവറും. സംഭവത്തിനു ശേഷം ഇരുവര്‍ക്കും രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.