പത്തനംതിട്ട: ശിവദാസന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനോടു ചേര്‍ന്ന് റോഡില്‍ നല്ല വളവാണ്. ഇവിടെ ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്കു മറിഞ്ഞതാകാനുള്ള സാധ്യതയാണു പ്രധാനമായും പൊലീസ് കാണുന്നത്. കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലമാണ്. കാട്ടാനയുടെ ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കാടു തെളിക്കാന്‍ വന്ന സ്ത്രീകളാണ് ളാഹയ്ക്കു സമീപം കമ്പകത്തുംവളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടത്.
തുടര്‍ന്നു വനപാലകര്‍ നടത്തിയ തിരച്ചിലിലാണു ശിവദാസന്റെ മൃതദേഹം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയില്‍ കണ്ടെത്തിയത്. മരത്തിന്റെ ശിഖരത്തില്‍ തങ്ങി നില്‍ക്കുന്ന ബൈക്കിനു സമീപം കല്ലിന്റെ ഇടയിലായി മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുണ്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ മൃതദേഹത്തിനു സമീപം കണ്ടെത്തി. ഇവ കാട്ടുമൃഗങ്ങള്‍ മൃതദേഹത്തില്‍ നിന്നു വലിച്ചുമാറ്റിയതാവാമെന്നു പൊലീസ് പറഞ്ഞു
ബൈക്കിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 18നു ശബരിമല ദര്‍ശനത്തിനു പന്തളത്തെ വീട്ടില്‍ നിന്നു തിരിച്ച ശിവദാസന്‍ ദര്‍ശനത്തിനു ശേഷം 19നു വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീടാണ് കാണാതായത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ വച്ചുള്ള അന്വേഷണവും നടന്നില്ല. ഇന്നലെ രാവിലെ പൊലീസ് മൃതദേഹം പുറത്ത് എത്തിച്ചു.
റാന്നി തഹസിദാര്‍ കെ.വി.രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. അടൂര്‍ ഡിവൈഎസ്പി ആര്‍.ജോസ്, പമ്പ സിഐ കെ.എസ്.വിജയന്‍, പന്തളം സിഐ ഇ.ഡി.ബിജു, എസ്‌ഐമാരായ ബാബുരാജ്, ജോബിന്‍ ജോര്‍ജ്, ടി.ഡി.പ്രജീഷ് എന്നിവര്‍ അടങ്ങിയ സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഫൊറന്‍സിക് വിദഗ്ധരായ ഷൈലജ കുമാരി, ലീന വി.നായര്‍, ജയദേവന്‍ എന്നിവരുടെ പരിശോധനകള്‍ക്കു ശേഷമാണു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.