ഗുണ്ടൂര്‍: തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വ്യാപാരിയായ ഛുക്ക രത്നബാബു(26)വിനെയാണ് ഭാര്യ സ്വര്‍ണലത(24) അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വര്‍ണലതയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ദമ്പതികളുടെ വീട്ടില്‍വച്ചാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഉറങ്ങാതിരുന്ന സ്വര്‍ണലത ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു
ആക്രമണത്തില്‍ തലയോട് തകര്‍ന്ന് തല്‍ക്ഷണം മരണംസംഭവിച്ചു. എന്നാല്‍ ഭര്‍ത്താവ് മരിച്ചിട്ടും യുവതിയുടെ ക്രൂരത അവസാനിച്ചില്ല. ഭര്‍ത്താവിന്റെ ജനനേന്ദ്രിയും മുറിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ബന്ധുക്കളും അയല്‍വാസികളും കൊലപാതകവിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്വര്‍ണലത പൊതുവെ ദേഷ്യക്കാരിയാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ചെറിയകാര്യങ്ങള്‍ക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു. രത്നബാബു-സ്വര്‍ണലത ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.