കേരളത്തിലെ എല്ലാ സ്‌കൂളുകളെയും  മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

16 second read
കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളെയും ഒരുപോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഗുണഫലം ലഭിക്കുക പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ്. ഇതിന് ഉതകുന്ന വിധത്തില്‍ സ്‌കൂള്‍ പശ്ചാത്തല സൗകര്യങ്ങളും അക്കാഡമിക് നിലവാരവും ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 92 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും 48 ഹയര്‍ സെക്കന്‍ഡറി ലാബുകളുടെയും മൂന്ന് ഹയര്‍ സെക്കന്‍ഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 പുതിയ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രം 4000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കേരളത്തിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ക്ളാസ് മുറി വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെയും ഇന്ത്യയിലെയും പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കോവിഡ് കാലത്തെ കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മികവ് വ്യക്തമാകും. യുനസ്‌കോയുടെ പഠനം അനുസരിച്ച് ആഗോളതലത്തില്‍ 126 കോടി കുട്ടികളുടെ വിദ്യാഭ്യാസത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചു. ഇന്ത്യയില്‍ 32 കോടി കുട്ടികളെയാണ് ബാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ എലിമെന്ററി, സെക്കന്‍ഡറി തലങ്ങളിലെ രാജ്യത്തെ 25 കോടി കുട്ടികളുടെ പഠനത്തെ ബാധിച്ചു. മൂന്നിനും 13നുമിടയില്‍ പ്രായമുള്ള 130 കോടി കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് അപ്രാപ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടുന്ന സൗത്ത് ഏഷ്യ രാജ്യങ്ങളില്‍ 45 കോടി കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതും കണക്റ്റിവിറ്റിയും ചിലയിടങ്ങളില്‍ പ്രശ്നമായിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ നിന്നുള്ള സഹായ സഹകരണത്തോടെ ഉപകരണങ്ങള്‍ നല്‍കാനായി. ഇന്റര്‍നെറ്റ് ദാതാക്കളുമായി ചര്‍ച്ച നടത്തി കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പരീക്ഷകള്‍ കൃത്യമായി നടത്തുകയും ഫലം സമയബന്ധിതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കൃത്യമായ പരിശോധന നടത്തുന്നുണ്ടായിരുന്നു.
പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 214 കോടി രൂപയാണ് ചെലവഴിച്ചത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് 11 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി ചെലവഴിച്ച് 23 കെട്ടിടങ്ങളും നിര്‍മിച്ചു. പ്ളാന്‍ ഫണ്ട്, എം. എല്‍.എ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് 58 പുതിയ കെട്ടിടങ്ങളും നിര്‍മിച്ചു. 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍ക്കായി 22 കോടി രൂപ ചെലവഴിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു ലൈബ്രറികള്‍ നിര്‍മിച്ചത്. 107 കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായിരുന്നു.
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …