12 വര്‍ഷത്തിലേറെ തുടര്‍ച്ചയായി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍: ഏഴു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍ എന്നതാണു പുതിയ “കണക്ക്”

17 second read

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍ എന്നതാണു പുതിയ ഗുജറാത്ത് മോഡല്‍. 12 വര്‍ഷത്തിലേറെ തുടര്‍ച്ചയായി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് മോഡലിനു ശേഷമാണ് ഇതു സംഭവിക്കുന്നത്. ഇതില്‍, ബിജെപിയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയ തന്ത്രമുണ്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള പോരുമുണ്ട്. 7 മുഖ്യമന്ത്രിമാര്‍ ഒരു വര്‍ഷം പോലും തികച്ചു ഭരിക്കാത്ത ചരിത്രമുള്ള സംസ്ഥാനത്ത് പഴയ മോഡല്‍ തിരിച്ചുവരുന്നു എന്നും പറയാം.

തിരഞ്ഞെടുപ്പിനു മുന്‍പു മുഖ്യമന്ത്രിയെ മാറ്റുകയെന്ന ഇപ്പോഴത്തെ രീതി 2014-19 ല്‍ ബിജെപി ഗുജറാത്തില്‍ പരീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് 16 മാസം ബാക്കിയുള്ളപ്പോഴാണ് 2016 ഓഗസ്റ്റില്‍ ആനന്ദിബെന്‍ പട്ടേലിനെ 75 വയസ്സായെന്ന കാരണം പറഞ്ഞു മാറ്റുന്നത്. ശരിക്കും അന്ന് ആനന്ദിബെന്നിന് 75 തികയാന്‍ 3 മാസത്തിലേറെ ബാക്കിയുണ്ടായിരുന്നു. പകരം നിതിന്‍ പട്ടേല്‍ മുഖ്യമന്ത്രിയാവട്ടെയെന്നു മോദി താല്‍പര്യപ്പെട്ടു. വിജയ് രുപാണി മതിയെന്നതു അമിത് ഷായുടെ താല്‍പര്യമായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഭൂരിപക്ഷം കുറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയായി രുപാണി തന്നെ തുടര്‍ന്നു. പക്ഷേ, സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണച്ചരടു ഡല്‍ഹിയിലായിരുന്നു. മതപരിവര്‍ത്തന നിരോധനം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഊര്‍ജിത നിയമനിര്‍മാണ നടപടികളുമുണ്ടായി.

വിശ്വസ്തനായി പാട്ടീല്‍: മോദിയുടെ വിശ്വസ്തനായ സി.ആര്‍.പാട്ടീല്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് കഴിഞ്ഞ വര്‍ഷം ജുലൈയിലാണ്. ലോക്‌സഭാംഗമായ പാട്ടീലിനാണു വര്‍ഷങ്ങളായി മോദിയുടെ വാരാണസി മണ്ഡലത്തിന്റെ മേല്‍നോട്ടച്ചുമതല. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ജനിച്ച പാട്ടീല്‍, ഗുജറാത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയില്‍ കാര്യമായ അഴിച്ചുപണി നടത്തി. ഷാ വിചാരിക്കും പോലെ അവിടെ കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിയായി; രുപാണിയുടെ ശബ്ദം താഴ്ന്നു. കഴിഞ്ഞയാഴ്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്തതു ഷായല്ല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് എന്നതില്‍തന്നെ കാര്യങ്ങള്‍ വ്യക്തം.

പരിഹരിക്കാന്‍ പട്ടേല്‍ പ്രശ്‌നം: ഗുജറാത്തിലെ പ്രബലമായ പട്ടേല്‍ വിഭാഗം അവഗണിക്കപ്പെടുന്നുവെന്ന പരാതി അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പു പരിഹരിക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ മാറ്റം. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതില്‍ സഹായിച്ചിട്ടുള്ളത്. എന്നാല്‍, ബിജെപി തങ്ങളെ അവഗണിക്കുന്നുവെന്ന് ഇവര്‍ പരാതിപ്പെടുന്ന സാഹചര്യമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിയിലും അടുത്തിടെ കേന്ദ്ര മന്ത്രിസഭാ വികസനത്തിലും പട്ടേല്‍ വിഭാഗത്തിന് വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ഇന്നലെത്തന്നെ, രാജിക്കുമുന്‍പു രുപാണി പങ്കെടുത്ത ചടങ്ങില്‍ പട്ടേല്‍ വിഭാഗക്കാരുടെ സര്‍ദാര്‍ ധാം ഭവന്റെ ഭൂമി പൂജ മോദി നിര്‍വഹിച്ചു.

പാര്‍ട്ടി തന്ത്രങ്ങള്‍ മാറുന്നു: ഉത്തരാഖണ്ഡില്‍ ചെയ്തതുപോലെ, ഗുജറാത്തിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റുമ്പോള്‍, മോദിയുടെ മാത്രം പ്രതിഛായയില്‍ തിരഞ്ഞെടുപ്പു ജയിക്കുന്ന കാലം കഴിഞ്ഞെന്നു വീണ്ടും ബിജെപി സമ്മതിക്കുകയാണ്; സംസ്ഥാന ഘടകങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടാകുന്ന എതിര്‍പ്പ് അവഗണിച്ച് താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുകയെന്ന രീതിയിലും മാറ്റമുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളില്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിമത പക്ഷത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…