ബാങ്കുകളില്‍ നിന്നും കോടികളുടെ വായ്പ്പ തരപ്പെടുത്തി തൊഴിലാളികള്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കാതെ മുങ്ങിയ കൊച്ചി സ്വദേശിയ രാജേഷ് കുമാര്‍ കൃഷ്ണയെ കണ്ടവരുണ്ടോ? മലയാളി വ്യവസായിയുടെ വഞ്ചനയില്‍ പെരുവഴിയിലായത് പതിനായിരത്തോളം തൊഴിലാളികള്‍

17 second read

മനോജ് വാസുദേവന്‍

ദുബായ്: മലയാളികള്‍ അടക്കം പതിനായിരക്കണക്കിന് തൊഴിലാളികളെ പെരുവഴിയിലാക്കി മലയാളി വ്യവസായി യു.എ.ഇയില്‍ നിന്നും മുങ്ങിയിരിക്കയാണ്. ബിവര്‍ ഗള്‍ഫ് ഗ്രൂപ്പ് കമ്പനിയുടെ ഉടമയായ രാജേഷ് കുമാര്‍ കൃഷ്ണയാണ് ഇന്ത്യക്കാരും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും അടക്കമുള്ള തൊഴിലാളികളെ വഞ്ചിച്ച് മുങ്ങിയിരിക്കുന്നത്. വന്‍തുക ബാങ്ക് വായ്പ്പ എടുത്ത ശേഷം ഈ തുക തിരിച്ചടക്കാതെയാണ് രാജേഷ് മുങ്ങിയിരിക്കുന്നത്. പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്ക് അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയാണ് ഇയാള്‍ നല്‍കാനുള്ളത്. കോവിഡ് പ്രതിസന്ധിക്കിടെ ശമ്പളം കൂടി കിട്ടാതെ വന്നതോടെ ആത്മഹത്യയുടെ വക്കിലാണ് ഈ തൊഴിലാളികള്‍.

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത കമ്പനികള്‍ നടത്തുകയായിരുന്നു കൊച്ചി സ്വദേശിയ രാജേഷ് കുമാര്‍ കൃഷ്ണ. ബിവര്‍ ഗള്‍ഫ് ഗ്രൂപ്പിന് കൂടാതെ നിരവധി കമ്പനികളും ഇയാള്‍ വിവിധ എമിറേറ്റുകളിലായി ഉണ്ടായിരുന്നു. ദുബായ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മ്മാണം, അഡ്വര്‍ടൈസ്മെന്റ്, പ്രീ കാസ്റ്റ്, മാര്‍ബിള്‍ ഗ്രാനൈറ്റ് കമ്പനികളാണ് ഇയാള്‍ നടത്തിയത്. പല വമ്പന്‍ കമ്പനികളുടെയും പ്രൊജക്ടുകള്‍ വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുത്ത ശേഷം അവരോട് വന്‍ തുക മുന്‍കൂറായി വാങ്ങുകയും ഈ പദ്ധതികള്‍ കാണിച്ച് അഞ്ചോളം ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുക്കുകയും ചെയ്ത ശേഷവുമാണ് രാജേഷ് മുങ്ങിയിരിക്കുന്നത്.

ഉയര്‍ന്ന തുക ഈടാക്കേണ്ടിയിരുന്ന കരാറുകള്‍ പോലും കുറഞ്ഞ തുക ക്വാട്ട് ചെയ്താണ് രാജേഷ് സ്വന്തമാക്കിയത്. ഇതിന് ശേഷം കമ്പനികളില്‍ നിന്നും ആദ്യഘടുവായി പണം വാങ്ങിയ ശേഷം മറ്റ് വിവിധ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. ഈ മിഡില്‍മാന്‍ കളിയില്‍ കമ്പനികള്‍ക്കൊപ്പം തൊഴിലാളികളും ദുരിതത്തിലായി. അഞ്ച് മാസത്തെ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്.

ഇവരില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന മികച്ച ശമ്പളം വാങ്ങിയിരുന്നവര്‍ വരെയുണ്ട്. തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കമ്പനിക്ക് മുന്നില്‍ സമരം ചെയ്തതോടെ ഉടമ മുങ്ങിയ കാര്യം പുറം ലോകമറിയുകയായിരുന്നു. ഇയാള്‍ യു.എ.ഇ. വിട്ടത് ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി യു.എ.ഇയിലാണ് രാജേഷ് കുമാര്‍ കൃഷ്ണ.

മുന്‍പ് സാധാരണ തൊഴിലാളിയായിട്ടാണ് മുങ്ങിയ ഉടമ ഇതേ കമ്പനികളിലൊന്നില്‍ പ്രവാസ ജീവിതം ആരംഭിച്ചത്. ആദ്യത്തെ ഉടമയ്ക്ക് ഒരു അപകടം സംഭവിച്ച് വ്യവസായം തകര്‍ച്ചയിലേയ്ക്ക് വീണപ്പോള്‍ ഇയാള്‍ വഞ്ചനയിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്. പിന്നീട് കമ്പനിയെ കരകയറ്റിയ ഇയാളുടെ കീഴില്‍ പത്തായിരത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവരില്‍ പലരും അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

1200 ദിര്‍ഹം മാസ ശമ്പളക്കാരനായി വന്ന് രജേഷിന് 1.2 ബില്ല്യണ്‍ ദിര്‍ഹത്തിന്റെ ടേണ്‍ ഓവറുള്ള കമ്പനിയുടെ ഉടമയായി മാറിയെന്നായിരുന്നു അവകാശവാദം. ബാങ്കിനെ തട്ടിച്ച കോടികളുമായി രാജേഷ് കുമാര്‍ കൃഷ്ണ എവിടേക്കാണ് മുങ്ങിയത് എന്നാണ് ഇനി അറിയേണ്ടത്. ദുരിതത്തിലായ മലയാളി തൊഴിലാളികള്‍ സഹായത്തിനായി എംബസിയെയും സമീപിക്കാന്‍ ഒരുങ്ങികയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …