ബി.ജെ.പിയില്‍ സുരേഷ് ഗോപിക്കൊപ്പം രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും പരിഗണനയില്‍; എ എന്‍ രാധാകൃഷ്ണനും താക്കോല്‍ സ്ഥാനം ലഭിച്ചേക്കും; ബിജെപിയില്‍ നിലവിലെ നേതൃത്വത്തിലെ ആരേയും അമിത് ഷായ്ക്ക് താല്‍പ്പര്യമില്ല

17 second read

കൊച്ചി: ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാരായിരുന്ന കുമ്മനം രാജശേഖരനും പി എസ് ശ്രീധരന്‍ പിള്ളയ്ക്കും സ്ഥാന ചലനമുണ്ടായത് ഗവര്‍ണ്ണര്‍ പദവിയില്‍ നിയമനം കിട്ടിയപ്പോഴാണ്. നിലവിലെ ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രനേയും ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയുള്ള പുനഃസംഘടനയാകും കേരളത്തിലെ ബിജെപിയില്‍ ഉണ്ടാകുകയെന്ന് സൂചന. അടുത്ത അധ്യക്ഷനാകാന്‍ പ്രഥമ പരിഗണന സുരേഷ് ഗോപിക്കാകും. സുരേഷ് ഗോപിക്കൊപ്പം രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും ബിജെപിക്കുണ്ടാകുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തലത്തിലെ ചര്‍ച്ചകള്‍ ഈ വഴിക്കാണ്. എന്നാല്‍ അന്തിമ തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായുടേതാകും.

കേരളത്തില്‍ ഉടന്‍ പുനഃസംഘടനയെന്ന ആവശ്യം ഒരു കോണില്‍ നിന്ന് ശക്തമാണ്. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ പുതിയ നേതൃത്വം എന്നതാണ് ഉയരുന്ന ആവശ്യം. സുരേഷ് ഗോപിക്കൊപ്പം എഎന്‍ രാധാകൃഷ്ണനും നിര്‍ണ്ണായക ചുമതലകള്‍ കിട്ടും. ബാക്കി നേതാക്കള്‍ക്ക് തല്‍കാലം വിശ്രമം അനുവദിക്കാനാണ് സാധ്യത. കേരളത്തിലെ സംഘടനാ ജനറല്‍ സെക്രട്ടറിയിലെ ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടായ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് ആലോചന കടക്കൂ. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ തിരുവനന്തപുരത്തുകാരന്‍ ജയകുമാറാകും അടുത്ത സംഘടനാ ജനറല്‍ സെക്രട്ടറിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്ഥാനം ഏറ്റെടുക്കാന്‍ ജയകുമാര്‍ ഇനിയും പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. ആര്‍ എസ് എസിലെ ദക്ഷിണേന്ത്യന്‍ നേതൃനിരയിലെ പ്രധാനിയാണ് ജയകുമാര്‍.

സുരേഷ് ഗോപിക്കൊപ്പം എല്ലാ വിഭാഗത്തേയും കൂടെ കൂട്ടാനാകുന്ന പല മുഖങ്ങളിലേക്കും ചര്‍ച്ചകള്‍ അധ്യക്ഷ പദവിയില്‍ നീളുന്നുണ്ട്. ജേക്കബ് തോമസിന്റെ പേരും പരിഗണനയിലാണ്. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിക്കുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ സുരേഷ് ഗോപിക്കുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാന ചുമതകളിലേക്ക് പരിഗണിക്കരുതെന്ന് സുരേഷ് ഗോപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ച് സുരേഷ് ഗോപിയെ ഒന്നാമനാക്കാനുള്ള നീക്കം. ഇതിനെ അട്ടിമറിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷും സുരേഷ് ഗോപി ഫോര്‍മുലയ്ക്ക് എതിരാണ്.

അതിനാല്‍ സുരേഷ് ഗോപിയുടെ പേരിനെ വെട്ടാനും സാധ്യതയുണ്ട്. നിലവിലെ നേതൃത്വത്തിലെ ആരേയും അമിത് ഷായ്ക്ക് താല്‍പ്പര്യമില്ല. ഇത് മനസ്സിലാക്കി ബിഎല്‍ സന്തോഷ് നടത്തുന്ന നീക്കങ്ങളാണ് പുനഃസംഘടനയെ അട്ടിമറിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയില്‍ തയ്യാറായ സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തെ ഗൗരവത്തോടെ കേന്ദ്ര നേതൃത്വവും കണ്ടേക്കും. കൊടകര പണക്കേസും വയനാട്ടിലെ വിഷയങ്ങളും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസും പിടിപ്പുകേടിന്റെ ഫലമാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്നും കേരളത്തില്‍ ആര്‍എസ്എസ് പ്രചാരകന്മാരെ മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളൂ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …