ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടാവ് അജി ഫിലിപ്പിനെ രക്ഷിക്കാന്‍ വേണ്ടി പൊലീസ് നട്ടാല്‍ കുരുക്കാത്ത കഥകള്‍ മെനയുന്നു: പൊതുമുതല്‍ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയുടെ ഒളിസങ്കേതം അറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്: മുന്‍കൂര്‍ ജാമ്യം കിട്ടിയെന്ന പ്രചാരണത്തില്‍ വീണ് മാധ്യമങ്ങളും പരാതിക്കാരും

19 second read

അടൂര്‍: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കേബിള്‍ മോഷ്ടാവിനെ രക്ഷിക്കാന്‍ പൊലീസിന്റെ ഒത്തുകളി. ആദ്യം കോവിഡ് നാടകം കളിച്ച് അറസ്റ്റ് വൈകിപ്പിച്ചു. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എന്ന പേര് പറഞ്ഞാണ് പ്രതിയ്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. 40 ലക്ഷം രൂപ വില വരുന്ന ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് കേബിള്‍ മോഷ്ടിക്കുകയും സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചു മാറ്റുകയും ചെയ്ത കേസുകളില്‍ പ്രതിയായ അജി ഫിലിപ്പിന് വേണ്ടിയാണ് പൊലീസ് ഒത്തുകളിക്കുന്നത്. കേസ് എടുത്ത ഉേദ്യാഗസ്ഥര്‍ സ്ഥലം മാറുകയും പകരം പുതിയ ആള്‍ക്കാര്‍ വരികയും ചെയ്തതോടെയാണ് അട്ടിമറി നീക്കം ആരംഭിച്ചിരിക്കുന്നത്.

അജി ഒളിവിലാണെന്ന് പറയുന്ന പൊലീസ് ഇയാള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥരില്‍ ചിലരെ കൈയിലെടുത്താണ് അജി ഫിലിപ്പ് തന്റെ ഭാഗം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത്.
ബ്രോഡ്ബാന്‍ഡ് കേബിള്‍ മുറിച്ചു കടത്തിയ കേസില്‍ അജി ഫിലിപ്പിന്റെ സഹോദരന്‍ അടക്കം രണ്ടു പേര്‍ മുന്നാഴ്ച മുന്‍പ് അറസ്റ്റിലായിരുന്നു. എന്നാല്‍ അജിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ആരോപണം. അജിയ്ക്ക് കോവിഡ് ആണെന്നായിരുന്നു പൊലീസ ഭാഷ്യം. എന്നാല്‍, കോവിഡ് മറയാക്കി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന സംശയം നിലനില്‍ക്കുകയാണ്.

ഇതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. കോവിഡിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് മുന്‍കൂര്‍ ജാമ്യമെന്ന പുതിയ തന്ത്രവുമായി രംഗത്തു വന്നത്. കേസിലെ മൂന്നാം പ്രതി മാത്രമാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമിപിച്ചിരുന്നത്. ഈ ജാമ്യഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു.

കേബിള്‍ മോഷണത്തിന് ഏഴംകുളം നെടുമണ്‍ തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലില്‍ പുത്തന്‍വീട്ടില്‍ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാള്‍ നടത്തുന്ന ഏഴംകുളം സ്‌ക്രീന്‍ ആന്‍ഡ് സൗണ്ട്സ് കേബിള്‍ നെറ്റ്വര്‍ക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേര്‍ന്ന് ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് കേബിള്‍ മോഷ്ടിച്ചു കടത്തിയത്. ഏപ്രില്‍ 17 ന് തുടങ്ങിയ മോഷണം ജൂണ്‍ 13 വരെ തുടര്‍ന്നു. പറക്കോട് ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് പരിധിയില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിന് കരാര്‍ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുല്‍ നിവാസില്‍ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രില്‍ മുതല്‍ ഏഴംകുളം എക്സ്ചേഞ്ച് പരിധിയില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നത് രാഹുലാണ്. കേബിള്‍ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികള്‍ ഇതേ മേഖലയില്‍ സ്വകാര്യ കേബിള്‍ ടിവി നെറ്റ്വര്‍ക്ക് നല്‍കുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവര്‍ക്കും ബ്രോഡ് ബാന്‍ഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എന്‍എല്ലിനോടാണ് നാട്ടുകാര്‍ താല്‍പര്യം കാണിക്കുന്നത്. കഴിഞ്ഞ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എന്‍എല്‍ കേബിളുകള്‍ സ്വിഫ്റ്റ് കാറില്‍ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കേബിളുകള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികള്‍ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുന്‍പ് ഏപ്രില്‍17, 18, ജൂണ്‍ ഏഴ് ദിവസങ്ങളിലും സമാന രീതിയില്‍ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. കേസില്‍ മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരില്‍ ഒരാള്‍ എറണാകുളത്തുണ്ടെന്ന്
പോലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. അടൂരിലെ ഒരു ജനപ്രതിനിധിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സിനിമാ ഫീല്‍ഡിലുളളയാളാണ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയാനും ഇയാള്‍ ശ്രമം നടത്തി.

ജനപ്രതിനിധിയുടെ സംരക്ഷണം പ്രതികള്‍ക്ക് ലഭിച്ചെങ്കിലും പരാതിക്കാരനായ രാഹുല്‍ കൃഷ്ണനും മുഖ്യപ്രതി അജി ഫിലിപ്പും സിപിഎം പ്രവര്‍ത്തകരാണ്. നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് അജി. ഈ ലേബല്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. എന്നാല്‍, സിപിഎം ജില്ലാ നേതൃത്വം അജിയെ കൈയൊഴിഞ്ഞു. വാദിയായ രാഹുലിന്റെ കുടുംബം കടുത്ത സിപിഎം പ്രവര്‍ത്തകരാണ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം അടൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലാകുമെന്ന് ഭയന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയില്‍ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നല്‍കിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രില്‍ 23 ന് കല്ലട പദ്ധതി എന്‍ജിനീയര്‍ നല്‍കിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്ത്തി വച്ചിരുന്നു. കേബിള്‍ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാന്‍ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജി ഫിലിപ്പിനെ ഈ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

കേബിള്‍ മോഷണക്കേസില്‍ അജി ഫിലിപ്പിന് മുന്‍കൂര്‍ ജാമ്യം കിട്ടിയെന്നും എന്നാല്‍ മരം മുറിച്ച കേസില്‍ പ്രതി ആയതിനാല്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മരം മുറി കേസില്‍ അറസ്റ്റുണ്ടാകുമെന്ന് അറിയാതെ കേബിള്‍ മോഷണക്കേസില്‍ ജാമ്യം എടുക്കാന്‍ വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണത്രേ പൊലീസ നീിക്കം. ഈ വിവരം അജി ഫിലിപ്പിന് അറിയില്ലെന്നും അതിനാല്‍ അറസ്റ്റ് നടക്കും വരെ വാര്‍ത്ത കൊടുക്കരുതെന്നുമാണ് പൊലീസിന്റെ അഭ്യര്‍ഥന. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അജി ഫിലിപ്പ് ജാമ്യ ഹര്‍ജി നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണം അന്വേഷണം വഴി തെറ്റിക്കുന്നതിന് വേണ്ടിയാണെന്നും മനസിലായിട്ടുള്ളത്.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…