തട്ടിപ്പുകാരുടെ പരസ്യം കൊടുക്കുക എന്നിട്ട് അതിന് ചുവട്ടില്‍ ആരും വായിക്കാത്ത വിധം ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് എഴുതുക: തട്ടിപ്പ് യൂണിവേഴ്സിറ്റിയുടെ പരസ്യത്തിന് ചുവടെ തങ്ങള്‍ക്ക് പങ്കില്ലെന്ന് കൈ കഴുകി മുഖ്യധാരാ മാധ്യമങ്ങള്‍: ഫ്രണ്ട് പേജ് പരസ്യം വായിച്ച് തട്ടിപ്പില്‍ കുടുങ്ങുന്നവര്‍ നിരവധി: ജെയ്ന്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ നിന്ന് വാരുന്നത് ലക്ഷങ്ങള്‍

16 second read

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന പ്രധാനപത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ഒരു പരസ്യം ജെയ്ന്‍ യൂണിവേഴ്സിറ്റിയുടേതായിരുന്നു. ഒരു പേജ് മുഴുവന്‍ കവര്‍ ചെയ്യുന്ന ജാക്കറ്റ് പരസ്യം. ഇതേ പരസ്യം ഈ മാധ്യങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനിലുമുണ്ടായിരുന്നു. പരസ്യത്തിന്റെ ചുവടേ എഴുതിയിരുന്ന വാചകമൊന്നും ജെയ്ന്‍ യൂണിവേഴ്സിറ്റിയുടെ വര്‍ണശബളമായ പരസ്യം കാരണം ആരും വായിച്ച് കാണില്ല. അതിങ്ങനെ ആയിരുന്നു. ഇത് പരസ്യ ഫീച്ചറാണ്. ഞങ്ങള്‍ ഈ പരസ്യത്തിലെ അവകാശവാദങ്ങള്‍ ഏറ്റെടുക്കുന്നില്ല. പരസ്യത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്ക് ഉപോല്‍ബലകമായ വസ്തതുകള്‍ പരസ്യ ദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം ഇടപാടുകള്‍ നടത്തുക.

പരസ്യം കൊടുത്തവര്‍ക്ക് യാതൊരു ഉറപ്പുമില്ല ജെയ്ന്‍ യൂണിവേഴ്സിറ്റി തട്ടിപ്പാണോ ഒറിജിനല്‍ ആണോ എന്ന്. അവയുടെ കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടോയെന്നും അറിയാന്‍ വയ്യ. ജെയിന്‍ യൂണിവേഴ്‌സിറ്റി എന്ന ഡീംഡ് യൂണിവേഴ്‌സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പത്രങ്ങളിലും ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയത്.

ചെറുതെന്നും വലുതെന്നും നോക്കാതെ എന്താണ് ഇങ്ങനെ പരസ്യം നല്‍കുന്നതിനെ ഗുട്ടന്‍സ് എന്നു പരിശോധിക്കുമ്പോളാണ് ഇതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വിവരം പുറത്തു വരിക. ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കേരളത്തില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ അനുമതി ഇതുവരെ യുജിസിയില്‍ നിന്നും ലഭിച്ചിട്ടില്ല. ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കേണ്ടത് അവരുടെ ആസ്ഥാനങ്ങളില്‍ മാത്രമാണെന്നാണ് വ്യവസ്ഥ അവര്‍ക്ക് ഓഫ് ക്യാമ്പസ് അനുമതിയില്ല. എന്നിട്ടും ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് അനധികൃതമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു.

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാരിനു നല്‍കിയ കത്തില്‍ യുജിസി തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഇത് മലയാളത്തിലെ വര്‍ത്തമാന പത്രങ്ങള്‍ക്ക് അറിയാവുന്നതുമാണ്. യുജിസിയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓഫ് ക്യാമ്പസിന് മലയാളത്തിലെ മുന്‍നിര പത്രങ്ങള്‍ ചൂട്ടുപിടിക്കുകയാണ്.

ഇത് അനധികൃതമാണെന്ന് മനസിലാക്കി തന്നെയാണ് ഇവരുടെ പരസ്യങ്ങള്‍ വര്‍ത്തമാന പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഫുള്‍ പേജ് കളര്‍ പരസ്യങ്ങളാല്‍ അലംകൃതമായാണ് മലയാളത്തിലെ മിക്ക മുന്‍ നിര പത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്.
ഉണരുക, ലോകം വിളിക്കുന്നു എന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. പുതുയുഗത്തിലെ ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ വഴി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഹ്വാനം. ഈ പരസ്യം കേട്ട് എടുത്ത് ചാടുന്നവര്‍ ശ്രദ്ധിക്കുക.

യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സര്‍ക്കാര്‍ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നല്‍കിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്ക് ഓഫ് ക്യാമ്പസ് അനുമതി നല്‍കുക യുജിസിയുടെ പതിവല്ല.

അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നല്‍കി പരസ്യം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗം തട്ടിപ്പുകളുടെ വിളനിലമാണ്. എന്നിട്ടും തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കും വിധമാണ് ഒന്നാം പേജ് പരസ്യമായി ജെയിന്‍ യൂണിവെഴ്‌സിറ്റി പരസ്യം ഒന്നാം പേജ് ഫുള്‍ പേജ് പരസ്യമായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ജയിന്‍ യൂണിവേഴ്‌സിറ്റി, കൊച്ചി കേന്ദ്രമായ കാമ്പസില്‍ നിന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍, ഐടി, സയന്‍സ് പ്രോഗ്രാമുകള്‍ നടത്തുന്നത്. യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കേന്ദ്രം തന്നെ അനധികൃതമാണ്. അതുകൊണ്ടാണ് പരസ്യങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…