മന്ത്രിക്ക് വലുത് നാട്ടുകാരുടെ ജീവനോ സഹോദരന്റെ ടാര്‍ മിക്സിങ് യൂണിറ്റോ? ഏനാദിമംഗലം കിന്‍ഫ്രയിലെ പ്ലാന്റിനെ അനുകൂലിച്ച് സിപിഎം: എതിര്‍ക്കുന്ന ഡിവൈഎഫ്ഐക്കാരെ പുറത്താക്കും: നാട്ടുകാരുടെ പക്ഷം ചേരാന്‍ ആരുമില്ല: കണ്ടില്ലെന്ന് നടിച്ച് സ്ഥലം എംഎല്‍എ ജനീഷ്‌കുമാറും

17 second read

അടൂര്‍: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന് വലുത് നാട്ടുകാരുടെ ജീവനോ അതോ അനിയന്റെ ടാര്‍ മിക്സിങ് യൂണിറ്റോ? ഏനാദിമംഗലത്തുകാര്‍ ചോദിക്കുകയാണ്. നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കാവുന്ന ടാര്‍ മിക്സിങ് യൂണിറ്റ് ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ സമരത്തിലാണ്. പ്രാദേശിക സിപിഎം-ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ സമരത്തെ അനുകൂലിക്കുന്നു. എന്നാല്‍, സിപിഎം കൊടുമണ്‍ ഏരിയാ കമ്മറ്റിയും ജില്ലാ സെക്രട്ടറിയേറ്റും സമരത്തിനെതിരാണ്. സമരം ചെയ്യുന്ന ഡിവൈഎഫ്ഐ സിപിഎം നേതാക്കള്‍ക്കെതിരേ നടപടി എടുക്കാനാണ് ഇവരുടെ തീരുമാനം.

സേവ് ഏനാദിമംഗലം എന്ന ഫേസ് ബുക്ക് പേജും കൂട്ടായ്മയും ഉണ്ടാക്കി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎമ്മിന്റെ പഞ്ചായത്തംഗവും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ശങ്കര്‍ മാരൂര്‍ ഇവര്‍ക്കൊപ്പമുണ്ട്.

പ്ലാന്റിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശം ആകമാനം പോസ്റ്റര്‍ പതിപ്പിച്ചു. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ഭാരവാഹിയും പ്രദേശത്തെ എംഎല്‍എയുമായ കെയു ജനീഷ് കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കോന്നി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ജനീഷ്‌കുമാറിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം. ഇവിടെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് രൂക്ഷമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ആരോപിച്ച് പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമര രംഗത്താണ്. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്ന ഡിവൈഎഫ്‌ഐക്കാരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ഇവരുടെ സമരത്തിന് സിപിഎം പിന്തുണയില്ല. സമരത്തെ അപക്വമെന്നാണ് നേതാക്കള്‍ വിളിക്കുന്നത്. ഡിവൈഎഫ്‌ഐക്കാരെ സിപിഎം താക്കീത് ചെയ്യും. എന്നിട്ടും അനുസരിക്കുന്നില്ലെങ്കില്‍ പുറത്താക്കും. ഇതോടെ പഞ്ചായത്തംഗം ശങ്കര്‍ മാരൂരും പിന്‍വലിയുമെന്നാണ് കണക്കു കൂട്ടല്‍.

പ്ലാന്റിനെതിരായ സമരത്തിന് ബിജെപി, കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അനുമതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പിനും മറ്റുമായി വന്‍ തുക ഫണ്ട് സ്വീകരിച്ചതിനാല്‍ ഇവര്‍ക്ക് ചെറുവിരല്‍ അനക്കാന്‍ കഴിയുന്നില്ല എന്നാണ് പരാതി. പ്രാദേശിക നേതാക്കള്‍ മാത്രമാണ് സമരത്തിനുള്ളത്. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കളെ പ്ലാന്റ് ഉടമ കൈയില്‍ എടുത്തിരിക്കുകയാണ്. ഇത്രയും വലിയ സമരം ഇവിടെ നടന്നിട്ടും ഡിസിസി പ്രസിഡന്റോ ബിജെപി ജില്ലാ അധ്യക്ഷനോ ഒരക്ഷരം ഉരിയാടിയിട്ടില്ലാത്തത് സംശയത്തിന് ഇട നല്‍കുന്നു.

അതേ സമയം, പ്ലാന്റ് സ്ഥാപിക്കാന്‍ സംരക്ഷണം തേടി ഉടമ നാളെ കോടതിയെ സമീപിക്കും. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് കൊണ്ടു വരും. കഴിഞ്ഞ ദിവസം നാട്ടുകാര്‍ തിരിച്ചു വിട്ട പ്ലാന്റുമായി വന്ന ലോറികള്‍ സമീപത്ത് തന്നെ പാര്‍ക്ക് ചെയ്യുന്നുണ്ട്. ബലപ്രയോഗത്തിലൂടെ പ്ലാന്റ് ഇറക്കാനാണെങ്കില്‍ സ്ത്രീകള്‍ അടക്കം ആത്മാഹൂതി ഭീഷണിയുമായി രംഗത്തു വരും. സമരം ചോരക്കളിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…