ഏനാദിമംഗലം പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണി: ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങുന്നതിനുളള നീക്കം: ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം

17 second read

അടൂര്‍: ഏനാദിമംഗലം പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായ ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങുന്നതിനുളള നീക്കത്തിനെതിരേ നാട്ടുകാര്‍ നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടം വിജയം. ഇവിടേക്ക് കൊണ്ടു വന്ന യന്ത്രസാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. എങ്കിലും വീണ്ടും ഇത് കൊണ്ടു വരുമെന്നും ഇവിടെ തന്നെ തുടങ്ങുമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉടമ. സംസ്ഥാന സര്‍ക്കാരില്‍ സഹോദരന്‍ മന്ത്രിയാണെന്ന ധാര്‍ഷ്ട്യമാണ് ഉടമയ്ക്ക് എന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. ഒരു പ്രദേശത്തെ അപ്പാടെ രോഗികളാക്കുന്ന പ്ലാന്റിനെതിരേ നാട്ടുകാര്‍ നടത്തുന്ന സമരത്തില്‍ സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടെങ്കിലും ഇവര്‍ ഇക്കാര്യം സംബന്ധിച്ച് പുറത്തു പറയാന്‍ മടിക്കുകയാണ്.

തികച്ചും ആധുനിക രീതിയിലുള്ള പ്ലാന്റ് പരിസ്ഥിതിക്കും നാട്ടുകാര്‍ക്കും ഒരു കുഴപ്പവും വരുത്തുന്നതല്ലെന്നും നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നുമാണ് ഉടമ പറയുന്നത്. എങ്കില്‍ പിന്നെ അതു നിങ്ങളുടെ പറമ്പില്‍ സ്ഥാപിച്ചാല്‍ പോരേ എന്നാണ് സേവ് ഏനാദിമംഗലം എന്ന പേരില്‍ നാട്ടുകാര്‍ രൂപീകരിച്ച കൂട്ടായ്മയിലുള്ളവര്‍ ചോദിക്കുന്നത്. മധുരിച്ചിട്ട ഇറക്കാനും കയ്ച്ചിട്ട് തുപ്പാനം കഴിയാത്ത അവസ്ഥയിലാണ് സിപിഎം. നാട്ടുകാര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അവര്‍ പിണങ്ങും. മന്ത്രിയുടെ സഹോദരനൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നടപടി എടുക്കും. ഇവിടുത്തുകാരനായ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം പ്ലാന്റിന് എതിരാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം പരസ്യമായി പുറത്തു പറയാന്‍ അദ്ദേഹം ഒരുക്കമല്ല.

വ്യാഴാഴ്ച ഉച്ചയോടെയാണ് പ്ലാന്റിലേക്കുള്ള സാധനങ്ങളുമായി ലോറികള്‍ എത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ചേര്‍ന്ന് തടയുകയായിരുന്നു. ഏറെ നേരത്തേ വാഗ്വാദത്തിനൊടുവില്‍ പൊലീസ് സ്ഥലത്ത് വന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പു കാരണം ഒന്നും നടന്നില്ല. ഒടുവില്‍ മെഷിനറികളുമായി വന്ന ലോറികള്‍ മടങ്ങി.

പ്ലാന്റിനെതിരേ ഏനാദിമംഗലം പഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമില്ല. പ്ലാന്റ് സ്ഥാപിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുവെന്ന് വേണം കരുതാന്‍. ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക്. ഇവിടെ ടാര്‍ മിക്‌സിങ് പ്ലാന്റ് വരുന്നത് മറ്റ് സ്ഥാപനങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…