തറയില്‍ ഫിനാന്‍സ് തട്ടിപ്പ്: ആകെ കേസുകള്‍ 18 ആയി: അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറിയേക്കും

17 second read

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18 കേസുകള്‍. അടൂര്‍, പത്തനംതിട്ട സ്റ്റേഷനുകളിലേക്ക് പരാതി പ്രവാഹമാണ്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വരും. 26.25 ലക്ഷം രൂപയുടെ പരാതികളിന്മേലാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പിന്റെയും തുകയുടെയും വ്യാപ്തി അനുസരിച്ച് അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.

നിലവില്‍ അന്വേഷണം ലോക്കല്‍ പോലീസ് തന്നെ നടത്തും. പരാതികള്‍ ഏറിയാല്‍ മാത്രമേ മറ്റൊരു ഏജന്‍സിയെ പരിഗണിക്കുകയുള്ളൂ. നിരവധി പരാതികള്‍ പത്തനംതിട്ട, അടൂര്‍ സ്റ്റേഷനുകളിലായി വരുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ പരാതികളിലെല്ലാം കേസെടുക്കും. ഒളിവില്‍പ്പോയ ബാങ്ക് ഉടമ സജി സാമിനും കുടുംബാംഗങ്ങള്‍ക്കുമായി ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇവര്‍ രാജ്യം വിട്ടു പോയെന്ന പ്രചാരണം എസ്.പി നിഷേധിച്ചു.
കൊല്ലം ജില്ലയിലെ ശാഖയില്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് നമുക്കിപ്പോള്‍ വിവരമില്ല. അവിടെ നിന്നുള്ള പരാതികള്‍ കൂടി പരിഗണിക്കേണ്ടി വരുമ്പോള്‍ അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറേണ്ടി വന്നേക്കുമെന്ന സൂചനയും എസ്.പി നല്‍കി.

കഴിഞ്ഞ വര്‍ഷം ഇതേ സമയം തട്ടിപ്പ് നടത്തി മുങ്ങിയ കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അടുത്ത ബന്ധുവാണ് സജി സാമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തറയില്‍ ഫിനാന്‍സിലെ നിക്ഷേപകരുടെ പണം കൂടിയ പലിശയ്ക്ക് സജി പോപ്പുലറില്‍ നിക്ഷേപിച്ചിരുന്നുവെന്നും പറയുന്നു. 20 കോടി രൂപയാണ് ഈ വിധത്തില്‍ നിക്ഷേപിച്ചിട്ടുള്ളതത്രേ. 12 ശതമാനം പലിശയാണ് തറയില്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. 17 ശതമാനം പലിശയ്ക്കാണ് സജി പോപ്പുലറിലേക്ക് പണം നല്‍കിയത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തില്‍ ലാഭമായി കിട്ടിയിരുന്നത്. പോപ്പുലറിന്റെ തകര്‍ച്ചയോടെ തന്റെ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാര്‍ഗങ്ങളില്‍ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാന്‍ കഴിയാതെ സജി മുങ്ങിയത്.

കാല്‍ ലക്ഷം മുതല്‍ 30 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മകളുടെ വിവാഹത്തിനായി വീടും പറമ്പും വിറ്റു കിട്ടിയ 35 ലക്ഷം രൂപ പത്തനംതിട്ട സ്വദേശി ഇവിടെ നിക്ഷേപിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ഈ പണം വാങ്ങിയത്. ബാങ്ക് പൊട്ടിയ വിവരം അറിഞ്ഞ് നിര്‍ധനനായ പിതാവ് ആത്മഹത്യയുടെ വക്കിലാണ്. മകളെ എങ്ങനെ കെട്ടിച്ചു വിടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനാല്‍ വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഇതേ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് പൊട്ടുമെന്ന് മുന്‍കൂട്ടി മനസിലാക്കി പണം പിന്‍വലിക്കാന്‍ ചെന്നവരോടും അവധി പറയുകയാണ് ഉടമ ചെയ്തത്. വസ്തു വിറ്റ് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വസ്തുക്കള്‍ രഹസ്യമായി വിറ്റ് പണം വാങ്ങിയാണ് ഇയാള്‍ കുടുംബത്തോടൊപ്പം മുങ്ങിയിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …