വധശിക്ഷയില്‍ നിന്ന് യൂസഫലി രക്ഷിച്ച മലയാളി ഇന്ന് നാട്ടിലേക്ക് മടങ്ങും

18 second read

അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ വിരാമമിട്ടു ബെക്‌സ് കൃഷ്ണന്‍ ഒടുവില്‍ നാട്ടിലേയ്ക്ക്. വ്യവസായി എം.എ. യൂസഫലിയുടെ നിര്‍ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാളെ (ചൊവ്വ) നാട്ടിലേയ്ക്ക് യാത്ര തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നു പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക് മടങ്ങുന്നത്.

കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഇതോടെ അവസാനമാകും.ബെക്‌സ് കൃഷ്ണന്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഔട്ട് പാസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗ്സ്ഥര്‍ ബെക്‌സിനെ സന്ദര്‍ശിക്കുകയും ചെയ്തു.

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ കാറപകടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സിനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ഇതേതുടര്‍ന്ന് തകര്‍ന്നുപോയ കുടുംബം, ബന്ധു ടി.സി.സേതുമാധവന്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…