എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച: മുട്ടത്തുകോണം സ്‌കൂളിലെ പ്രഥമാധ്യാപകനെതിരേ ഒന്നര മാസത്തിന് ശേഷം പൊലീസ് കേസെടുത്തു

17 second read

പത്തനംതിട്ട: പരീക്ഷ തുടങ്ങി ഏതാനും മിനുട്ടുകള്‍ക്കകം എസ്എല്‍എല്‍സി കണക്കിന്റെ ചോദ്യക്കടലാസ് പ്രഥമാധ്യാപകന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചത് സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു. മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ പ്രഥമാധ്യാപകന്‍ സന്തോഷിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡിഇഓ എസ്പിക്ക് നല്‍കിയ പരാതി കുറേ ചുറ്റിത്തിരിഞ്ഞ് സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷം കഴിഞ്ഞ രണ്ടിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 19 ന് രാവിലെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് പ്രഥമാധ്യാപകന്‍ എസ്. സന്തോഷ് പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കു വയ്ക്കുകയായിരുന്നു.

സ്വന്തം സ്‌കൂളിലെ തന്നെ കണക്ക് അധ്യാപകരുമായി പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചോദ്യപേപ്പറിന്റെ ചിത്രം ഡിഇഓയുടെ ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ എത്തുകയായിരുന്നു. ചിത്രം പോയ വിവരം സന്തോഷ് അറിഞ്ഞില്ല. ഇതു കാരണം നിശ്ചിത സമയത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. 124 പ്രഥമാധ്യാപകര്‍ ഉള്ള ഗ്രൂപ്പിലാണ് ചോദ്യപേപ്പര്‍ ചെന്നത്. ഇടതു അധ്യാപക സംഘടനയായ കെഎസ്ടിഎ നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഗുരുതരമാകാതെ ഒത്തു തീര്‍പ്പാക്കി. എന്നാല്‍, മാധ്യമങ്ങള്‍ ചോദ്യക്കടലാസിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്ത പുറത്തു വിട്ടതോടെ തിരുവല്ലയില്‍ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ടയില്‍ നിന്ന് ഡിഇഓയും ഓടിപ്പാഞ്ഞെത്തി. മണിക്കൂറുകള്‍ നീണ്ട തെളിവെടുപ്പിനൊടുവില്‍ പ്രഥമാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും പിറ്റേന്ന് തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങളെ അറിയിച്ച് ഉപഡയറക്ടര്‍ സ്ഥലം വിട്ടു.അതിന് ശേഷം വൈകിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്പിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ പത്തനംതിട്ട ഡിവൈഎസ്പിയെ ചുമതലപ്പെടുത്തു. ഡിവൈഎസ്പി ഓഫീസില്‍ നിന്ന് പരാതി പത്തനംതിട്ട സ്റ്റേഷനിലേക്കാണ് പോയത്. കുറ്റകൃത്യം നടന്നത് ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. ഈ വിവരം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. ഇതോടെ പരാതി ഇലവുംതിട്ടയ്ക്ക് കൈമാറി.

ഇംഗ്ലീഷ് പരീക്ഷയുടേതടക്കം ചോദ്യക്കടലാസ് ഈ രീതിയില്‍ പ്രഥമാധ്യാപകന്‍ ചോര്‍ത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നുു. ഇതും പരിശോധിക്കണമെന്ന് ആവശ്യമുണ്ടായി. ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയാല്‍ അധ്യാപകന് മാത്രമല്ല, സ്‌കൂളിന് ഒന്നടങ്കം പിടിവീഴുമെന്ന് ബോധ്യം വന്നു. ഇതോടെ ഈ ഫോണ്‍ മാറ്റി പകരം മറ്റൊന്ന് അധ്യാപകന്റേതായി പൊലീസില്‍ നല്‍കാനുള്ള നീക്കവും നടന്നിരുന്നു. സഹായം തേടി അധ്യാപകന്‍ സ്‌കൂള്‍ മാനേജരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമീപിച്ചെങ്കിലും അദ്ദേഹം കൈയൊഴിഞ്ഞുവെന്നാണ് അറിയുന്നത്. സ്‌കൂളിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നടക്കുകയാണ്. മുട്ടത്തുകോണം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ വകയായിരുന്ന സ്‌കൂള്‍ ശാഖാ കമ്മറ്റിയിലെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് യോഗത്തിന് നല്‍കുകയായിരുന്നു. സ്‌കൂള്‍ യോഗം ഏറ്റെടുത്ത് നടത്തി വരുമ്പോള്‍ ശാഖാ കമ്മറ്റി ഉടമാവകാശം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്‌കൂളിന്റെ അവകാശം യോഗത്തിന് തന്നെ നല്‍കി. ഇതിനെതിരേ ശാഖാ കമ്മറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ചോദ്യപേപ്പര്‍ വിവാദം വന്നിരിക്കുന്നത്. പ്രഥമാധ്യാപകന്‍ മുന്‍പും ചോദ്യം ചോര്‍ത്തിയെന്ന് കണ്ടെത്തിയാല്‍ അത് സ്‌കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കും.

ചോദ്യം ചോര്‍ത്തലിന് സഹകരിച്ച മറ്റ് അധ്യാപകര്‍ക്ക് എതിരേയും നടപടി വേണ്ടി വരും. കണക്ക്, ഇംഗ്ലീഷ് പോലെ കുട്ടികള്‍ക്ക് പ്രയാസമുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നല്‍കി ഉത്തരം എഴുതി വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്ന പ്രവണത മിക്കവാറും എല്ലാ സ്‌കൂളുകളിലുമുണ്ട്. ഈ രീതിയില്‍ ഉത്തരം എഴുതാനായി അയച്ചു കൊടുത്ത ചോദ്യക്കടലാസാണ് അബദ്ധത്തില്‍ ഡിഇഓയുടെ ഗ്രൂപ്പില്‍ ചെന്നത് എന്നു വേണം സംശയിക്കാന്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…