എസ്.എസ്.എല്‍.സി കണക്കിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി: മുട്ടത്തുകോണം സ്‌കൂളിലെ പ്രഥമാധ്യാപകന് സസ്‌പെഷന്‍ഷന്‍

17 second read

പത്തനംതിട്ട: പരീക്ഷാ സമയം കഴിയുന്നതിന് മുന്‍പ് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡി.ഇ.ഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച പ്രഥമാധ്യാപകനെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
മുട്ടത്തുകോണം എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ പ്രഥമാധ്യാപകന്‍ എസ്. സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോണും പിടിച്ചെടുത്തു. മറ്റു പരീക്ഷകളുടെ ചോദ്യക്കടലാസും ഇതേ പോലെ പുറത്തു വിട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉപഡയറക്ടര്‍ പറഞ്ഞു.

തിങ്കള്‍ രാവിലെ 10.30 നാണ് പ്രഥമാധ്യാപര്‍ക്ക് മാത്രമായിട്ടുള്ള പത്തനംതിട്ട ഡി.ഇ.ഓയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചോദ്യക്കടലാസിന്റെ ചിത്രം എത്തിയത്. വിഷയം ലഘൂകരിക്കാനുള്ള നടപടിയാണ് പിന്നീടുണ്ടായത്. ഇടതു അധ്യാപക സംഘടന കെ.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനാണ് സന്തോഷ്. സര്‍ക്കാര്‍ തലത്തില്‍ തന്നെ സന്തോഷിനെ രക്ഷിക്കാന്‍ ഇടപെടല്‍ ഉണ്ടായി. വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ട ഡി.ഇ.ഓയും സ്‌കൂളില്‍ പാഞ്ഞെത്തി. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സ്വന്തം സ്‌കൂള്‍ ഗ്രൂപ്പിലെ കണക്ക് അധ്യാപകര്‍ക്ക് അയച്ചു കൊടുത്ത ചോദ്യക്കടലാസ് അബദ്ധത്തില്‍ ഡി.ഇ.ഓയുടെ ഗ്രൂപ്പിലേക്ക് പോയതാണെന്ന് കരുതുന്നു. ഇംഗ്ലീഷ് പരീക്ഷയ്ക്കും ഇതേ പോലെ ചോദ്യക്കടലാസ് അധ്യാപകര്‍ക്ക് അയച്ചു കൊടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രയാസമേറിയ ചോദ്യങ്ങളുടെ ഉത്തരം അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ കൊണ്ട് തയാറാക്കി തിരികെ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയിരുന്നോയെന്ന് അന്വേഷിക്കും.

രാവിലെ 9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസില്‍ കയറ്റുന്നത്. 10 മണിക്ക് കുട്ടികള്‍ക്ക് ചോദ്യകടലാസ് നല്‍കും. 12 മണിക്ക് കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യക്കടലാസ് രഹസ്യ സ്വഭാവമുള്ള രേഖയാണ്. ഇന്നലെ രാവിലെ 10 മണിക്ക് ചോദ്യപേപ്പര്‍ നല്‍കി 10.30 ആയപ്പോഴാണ് ഡി.ഇ.ഓയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ അടുത്തു നിന്ന് എടുത്തതാണ്. അതേ സമയം, ശാരീരികമായി ശേഷിക്കുറവുള്ള വിദ്യാര്‍ഥികളെ സഹായിക്കുന്നതിനിടെ തന്റെ ഫോണില്‍ നിന്ന് താന്‍ അറിയാതെ ചിത്രം വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നുവെന്ന വിചിത്രമായ വിശദീകരണമാണ് അധ്യാപകന്‍ നല്‍കിയത്. മുന്‍പും ഇതേ രീതിയില്‍ ചോദ്യക്കടലാസ് പുറത്തു വിട്ടിട്ടുണ്ടാകാമെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നുമുളള ആവശ്യത്തെ തുടര്‍ന്നാണ് അധ്യാപകന്റെ ഫോണ്‍ പിടിച്ചെടുത്തത്. അധ്യാപക സംഘടനാ നേതാക്കള്‍ ഇടപെട്ട് ഉച്ചയ്ക്ക് തന്നെ വിഷയം പറഞ്ഞു തീര്‍ക്കുകയും ഗ്രൂപ്പില്‍ നിന്ന് പടം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ചിലര്‍ ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. ഈ ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …