പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പരാതി

17 second read

പത്തനംതിട്ട: പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പരാതി. മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷ് പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ ചോദ്യ പേപ്പര്‍ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

സ്വന്തം സ്‌കൂള്‍ ഗ്രൂപ്പിലെ കണക്ക് ടീച്ചര്‍മാര്‍ക്ക് വേണ്ടി ഇട്ടു കൊടുത്തതാണെന്നും ചോദ്യങ്ങള്‍ സോള്‍വ് ചെയ്ത് ഉത്തരം വാങ്ങി കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്നും ആരോപണമുയര്‍ന്നു. 126 ഹെഡ്മാസ്റ്റര്‍മാരാണ് ഗ്രൂപ്പിലുള്ളത്. ഇവരില്‍ ചിലര്‍ അപ്പോള്‍ തന്നെ ഡിഇഓയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസില്‍ കയറ്റുന്നത്. 10 മണിക്ക് കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കും. 12 മണിക്ക് കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യപേപ്പര്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്. 10 മണിക്ക് ചോദ്യപേപ്പര്‍ നല്‍കി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തു നിന്ന് എടുത്തതാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും. പ്രയാസമേറിയ ചോദ്യങ്ങള്‍ സോള്‍വ് ചെയ്ത് ഉത്തരം നല്‍കുന്നതിന് വേണ്ടിയാകണം ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് അയച്ചതെന്ന് കരുതുന്നു. സ്വന്തം അദ്ധ്യാപകരുടെ ഗ്രൂപ്പിലേക്ക് അയച്ച ചിത്രം മാറി ഡിഇഓയുടെ ഗ്രൂപ്പിലെത്തുകയായിരുന്നുവെന്ന് പറയുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് എസ്എസ്എല്‍സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സര്‍ക്കാര്‍ മാറ്റി വച്ചത് പോലും അട്ടിമറി ഭയന്നായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

സര്‍ക്കാര്‍ ഭയന്നത് എന്തോ അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ഹെഡ്മാസ്റ്റര്‍ സന്തോഷ് ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രവര്‍ത്തകനാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പത്തനംതിട്ട ഡിഇഓയെ മാധ്യമ പ്രവര്‍ത്തകര്‍ പല തവണ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ പരീക്ഷകളിലും ഇതേ പോലെ സന്തോഷ് ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാമെന്നും ഇയാളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നുമാണ് ആവശ്യം. അതേ സമയം, സ്‌കൂളിലെ അദ്ധ്യാപകരുടെ ഗ്രൂപ്പിസത്തിന് ബലിയാടാണ് സന്തോഷ് എന്നാണ് ഒരു വിഭാഗം പറയുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …