പിജെ കൂര്യന് നിയമസഭയിലേക്ക് സീറ്റു കിട്ടാന്‍ ഇത്തിരി പാടു പെടേണ്ടി വരും

17 second read

തിരുവല്ല: ഒരു കാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഏറ്റവുമധികം പിടിയുള്ള കേരളാ നേതാക്കളില്‍ പ്രധാനിയായിരുന്നു മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രഫ.പിജെ കുര്യന്‍. അദ്ദേഹമറിയാതെ കേരളത്തില്‍ ഒന്നും നടക്കില്ല എന്നുള്ളതായിരുന്നു സ്ഥിതി. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്ക് അഖിലേന്ത്യാ നേതാവായിരുന്ന ‘കുര്യന്‍ സാറിന്റേ’തായിരുന്നു. ഇവിടെ ഒരു ഇല അനങ്ങണമെങ്കില്‍ പോലും കുര്യന്‍ വിചാരിക്കണമായിരുന്നു. അങ്ങനെയുള്ള കുര്യന്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിന് അനഭിമതനാണ്. മുന്‍പ് വണങ്ങിയിരുന്ന നേതാക്കളൊക്കെ ഇപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. പത്തനംതിട്ട ജില്ല മാത്രമായി ഒതുങ്ങി കുര്യന്റെ സാമ്രാജ്യം. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ അതും അവസാനിച്ചു.

രാജ്യസഭാ എംപി സ്ഥാനം വീണ്ടും കിട്ടാതെ വന്നിടത്ത് നിന്ന് തുടങ്ങുന്നു കുര്യന്റെ പതനം. തന്റെ രാജ്യസഭാ സീറ്റ് വെട്ടിയത് ഉമ്മന്‍ചാണ്ടിയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരേ കുര്യന്‍ പരസ്യമായി രംഗത്തിറങ്ങി. പ്രസംഗിക്കാന്‍ അവസരം കിട്ടുന്ന വേദികളിലെല്ലാം ചെന്നിത്തലയെ പുകഴ്ത്താനും തുടങ്ങി. നിലവില്‍ കുര്യന്റെ അവസ്ഥ പരിതാപകരമാണ്. കേന്ദ്രത്തില്‍ ഒട്ടും പിടിയില്ല. പത്തനംതിട്ടയിലും എതിര്‍പ്പ് ഉയരുന്നു. രാജ്യസഭാ എംപി സ്ഥാനം പോയപ്പോള്‍ കുര്യന്‍ കണ്ണു വച്ചത് സംസ്ഥാന നിയമസഭയിലേക്കാണ്. നോട്ടമിട്ടതാകട്ടെ സ്വന്തം മണ്ഡലമായ തിരുവല്ലയും. ഇതിനായി കേരളാ കോണ്‍ഗ്രസിനെ അടക്കം വെട്ടിനിരത്തുകയും ചെയ്തു. പിജെ കുര്യന്‍ തിരുവല്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണം കൊണ്ടു പിടിച്ചു നടക്കുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് എല്‍പ്പിക്കുന്നത്.

ഇതോടെ കുര്യന്റെ തിരുവല്ലയില്‍ മത്സരിക്കാമെന്ന മോഹം പൊളിയുകയാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തിരുവല്ല സീറ്റ് മുന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജിചാക്കോ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമാണ് സജി ചാക്കോ. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നിന്ന് വിരമിച്ച സജി ചാക്കോയ്ക്ക് വിശാലമായ ശിഷ്യവൃന്ദമുള്ള സ്ഥലമാണ് തിരുവല്ല. മാത്രവുമല്ല, കറ പുരളാത്ത വ്യക്തിത്വം കൂടിയാണ് അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് ഡിസിസി പ്രസിഡന്റ് മുക്കിയെന്ന് കെപിസിസിക്ക് പരാതി നല്‍കിയത് ഡോ. സജി ചാക്കോയാണ്. ഇതിന്റെ പേരില്‍ അന്വേഷണവും നടന്നു വരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിജെ കുര്യന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ എല്ലാം എട്ടുനിലയില്‍ പൊട്ടി. സ്വന്തം വാര്‍ഡില്‍പ്പോലും എതിര്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത് കണ്ട കുര്യന്‍ പരാജയത്തിന് ഡിസിസി നേതൃത്വത്തെയാണ് കുറ്റപ്പെടുത്തിയത്. സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി പരാജയപ്പെടുത്തിയിട്ട് ഡിസിസിയുടെ മുകളില്‍ പഴി ചാരണ്ട എന്ന വ്യക്തമായ സന്ദേശം ഡിസിസി പ്രസിഡന്റ് നല്‍കുകയും ചെയ്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരിക്കേ, അവസാന കാലങ്ങളില്‍ ബിജെപിയോട് കാണിച്ച അനുഭാവമാണ് കുര്യന് തിരിച്ചടിയായത്. കേരളത്തിലെ ക്രൈസ്തവ സഭകളും ബിജെപി സര്‍ക്കാരിനുമിടയിലുള്ള പാലമായി കുര്യന്‍ മാറി. ക്രൈസ്തവ സഭകളുടെ പരിപാടികളില്‍ മുഖ്യാതിഥികളായി കേന്ദ്രമന്ത്രിമാര്‍ എത്തി തുടങ്ങി. മാര്‍ത്തോമ്മ സഭയാണ് ബിജെപി സര്‍ക്കാരുമായി ഏറ്റവുമധികം അടുത്തത്. ഇതിന്റെയെല്ലാം പിന്നില്‍ കുര്യനായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിന് സൂചന ലഭിച്ചതാണ് തിരിച്ചടിയായത്. സോണിയയുമായി ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നു കുര്യന്. ആ അടുപ്പം ഇപ്പോഴില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത കുര്യന് ഒരു പാട് തെറ്റുകള്‍ സംഭവിച്ചിരുന്നു. വേദിയിലും പുറത്തും രാഹുല്‍ ഇതു സംബന്ധിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കേരളാ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിക്കെതിരേ തിരിഞ്ഞതും വിനയായി.

കുര്യന്‍ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് മനസിലായതോടെ മുന്‍പ് വണങ്ങിയിരുന്ന പത്തനംതിട്ടയിലെ നേതാക്കളും ഗൗനിക്കാതെയായി. എഐസിസി അംഗമായിരുന്ന അഡ്വ. പീലിപ്പോസ് തോമസ് 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയാകാന്‍ കാരണക്കാരനായത് കുര്യനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേ പോലെ പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി നുള്ളിക്കളഞ്ഞതില്‍ കുര്യനുള്ള പങ്ക് ചെറുതല്ല. പ്രധാനമന്ത്രിയുടെ അവാര്‍ഡ് വാങ്ങുന്ന തരത്തില്‍ കവിയൂരിനെ എത്തിച്ച മുന്‍ പ്രസിഡന്റ് ടികെ സജീവ് കോണ്‍ഗ്രസ് വിട്ടതിനും കാരണക്കാരനായി ചൂണ്ടിക്കാണിച്ചത് പിജെ കൂര്യനെയായിരുന്നു.

മുന്‍പ് താന്‍ എന്താണോ മറ്റ് നേതാക്കളോട് ചെയ്തത് അതേ അവസ്ഥയിലാണ് കുര്യന്‍ ഇപ്പോള്‍. കുര്യന്‍ തിരുവല്ലയില്‍ സീറ്റ് ഉറപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറയുന്നു. തിരുവല്ല കിട്ടാന്‍ ഒരു സാധ്യതയുമില്ല. ഇനി ഹൈക്കമാന്‍ഡിന് ദയ തോന്നിയാല്‍ ചെങ്ങന്നൂര്‍ കിട്ടിയേക്കും. അതിനും കനിയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ഇനി കുര്യന്‍ ജയിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുള്ളത്. ആ സ്ഥിതിക്ക് ഇനിയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…