ഞാനെന്നാ ഊ…നില്‍ക്കുവാന്നോ?: പ്രതിഷേധം നടത്തിയ യൂത്ത്കോണ്‍ഗ്രസുകാരെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് നേരെ ഇന്‍സ്പെക്ടറുടെ ആക്രോശം

18 second read

പത്തനംതിട്ട: നഗരസഭയിലെ സിപിഎം-എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് നേരെ ഇന്‍സ്പെക്ടറുടെ ആക്രോശം. പൊലീസുകാരനെ ശാസിച്ച് മാറ്റിയതിന് ശേഷം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സമരം നടത്താനുള്ള അവസരവും ഇന്‍സ്പെക്ടര്‍ ഒരുക്കി. ആക്രോശത്തിനിടെ ഇന്‍സ്പെക്ടര്‍ പൊലീസുകാരനോട് പറഞ്ഞ ഒരു വാക്ക്അല്‍പ്പം കടുത്തു പോവുകയും സമീപം നിന്ന ചാനലുകാരുടെ മൈക്കില്‍ പതിയുകയും ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ നഗരസഭാ ഓഫീസിന് മുന്നിലായിരുന്നു സംഭവം. നഗരസഭയുടെ സ്റ്റാന്‍ഡിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ കലാ-കായിക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ എസ്. ഷെമീറാണ് വിജയിച്ചത്. ഇത് എസ്ഡിപിഐ-സിപിഎം ധാരണയ്ക്കും ബന്ധത്തിനും തെളിവാണെന്ന് ആരോപിച്ചായിരുന്നു കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. സമരം ഉദ്ഘാടനം ചെയ്ത് നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെയാണ് പത്തനംതിട്ട ഇന്‍സ്പെക്ടര്‍ ജി സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അവിടെ എത്തി. അതിലൊരു പൊലീസുകാരന്‍ പ്രസംഗവും സമരവും തടസപ്പെടുത്താന്‍ നോക്കി. ഇതിനെതിരേ സമരക്കാര്‍ പ്രതിഷേധിച്ചു. പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. ആയിരങ്ങള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി കഴിഞ്ഞ ദിവസം നഗരത്തില്‍ ഡിവൈഎഫ്ഐ നടത്തിയപ്പോള്‍ നിങ്ങള്‍ എന്തു കൊണ്ട് തടഞ്ഞില്ല എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ചോദ്യം. ഇതിനിടയില്‍ പൊലീസുകാരന്‍ കയറി ഇടപെട്ടതോടെയാണ് ഇന്‍സ്പെക്ടര്‍ സുനില്‍ രംഗത്തു വന്നത്. മാറി നില്‍ക്കടോയെന്ന് ആക്രോശിച്ച് പൊലീസുകാരനെ ഇന്‍സ്പെക്ടര്‍ ശാസിക്കുന്നതും ഒടുവില്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഞാനെന്നാ ഊ…ന്‍ നില്‍ക്കുവാണോ എന്നാണ് ഇന്‍സ്പെക്ടറുടെ ചോദ്യം. സമീപത്ത് നിന്ന ചാനലുകാരുടെ മൈക്ക് ഇത് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭയില്‍ സിപിഎമ്മുമായുണ്ടാക്കിയ ധാരണ പ്രകാരം എസ്ഡിപിഐക്ക് ഒരു സ്റ്റാന്‍ഡിങ് കമ്മറ്റി ലഭിച്ചു. എസ്ഡിപിഐക്ക് അതു കിട്ടത്തക്ക വിധം സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളെ സിപിഎം വിന്യസിക്കുകയായിരുന്നു. ഇതിന് എതിരേയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഭരണം മാറാന്‍ പോകുന്നുവെന്ന ഒരു പ്രതീതിയാണ് പൊതുവേ ഉണ്ടായിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ഭരണ മാറ്റം മുന്നില്‍ കണ്ട് ഇതുവരെ കടുത്ത സിപിഎം അനുഭാവികളായി നടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിഷ്പക്ഷത പാലിച്ചു വരികയായിരുന്നു. അതിന്റെ ഒരു പ്രതിഫലനമാണ് ഇന്നലെ പത്തനംതിട്ട നഗരസഭാ ഓഫീസിന് മുന്നില്‍ കണ്ടതെന്നും പറയുന്നു. സിപിഎമ്മിലെ പ്രമുഖ നേതാവിന്റെ നോമിനിയായിട്ടാണ് സുനില്‍ പോലീസ് ഇന്‍സ്പെക്ടറായി ഇവിടെ എത്തിയത്. ഇതുവരെ സിപിഎമ്മിന് അനുകൂല നിലപാടാണ് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതു കണ്ടിട്ടാണ് പൊലീസുകാരനും പ്രവര്‍ത്തിച്ചത്. പൊടുന്നനവേയുണ്ടായ ഇന്‍സ്പെക്ടറുടെ നിലപാട് മാറ്റം പാര്‍ട്ടി വേദികളിലും ചര്‍ച്ചയായിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…