മംഗളം ചാനലില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിക്ഷേപമുണ്ടോ.?മംഗളം ചാനല്‍ ഓഫീസിലും അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ്

16 second read

തിരുവനന്തപുരം:കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ മംഗളം ചാനലിന്റെ ഓഫീസിലും സിഇഒ അജന്താലയം അജിത് കുമാറിന്റെ വീട്ടിലും ഒരേ സമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. മംഗളം ചാനലില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളിയായി തുടരുകയായിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടു ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് മംഗളം ചാനലിലും അജിത്ത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്. മംഗളം പത്രത്തിന്റെ ഓഫീസിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെങ്കിലും പത്രവുമായി ചാനലിന് ബന്ധമില്ലെന്നാണ് മംഗളം പത്ര മാനേജ്‌മെന്റിന്റെ നിലപാട്. അജിത് കുമാറിന് മാത്രമേ ഇതില്‍ പങ്കുള്ളൂവന്നും അറിയിച്ചു.

തിരുവനന്തപുരത്ത് മംഗളം പത്രത്തിനോട് ചേര്‍ന്നാണ് ചാനലും പ്രവര്‍ത്തിക്കുന്നത്. മുമ്പ് പത്രത്തിന്റെ സിഇഒയായിരുന്നു അജിത് കുമാര്‍. പിന്നീട് ചുമതലകളില്‍ നിന്ന് മാറ്റി. അപ്പോഴും ചാനലിന്റെ ചുമതലയില്‍ തുടര്‍ന്നു. അജിത് കുമാറുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന സൂചനയാണ് ആദായ നികുതി വകുപ്പും നല്‍കുന്നത്. വീട്ടിലും ചാനല്‍ ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിലും മംഗളം ചാനലിലും തമ്മിലുള്ള അടുപ്പം കണ്ടെത്താനായിരുന്നു പരിശോധന.

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നു രാവിലെ ആരംഭിച്ചിട്ടുണ്ട്. കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.

2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിലീവേഴ്സ് ചര്‍ച്ചിന് കേരളത്തില്‍ 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7000 ഏക്കര്‍ ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യോഹന്നാന്‍ സുവിശേഷ റേഡിയോയും ടെലിവിഷന്‍ ചാനലും നടത്തിവരുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുരുക്കിയതോടെയാണ് മംഗളം ചാനലിന്റ ദുര്‍ദശ തുടങ്ങുന്നത്. ഇതിന്റെ പേരില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് വന്ന കേസും പ്രശ്‌നങ്ങളും അഭിമുഖീകരിക്കാന്‍ ചാനലിനു കഴിഞ്ഞതുമില്ല.

സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുരുങ്ങിയതോടെ മുന്നോട്ടുള്ള പോക്ക് അസാധ്യവുമായ അവസ്ഥയിലായി. പരിതാപകരമായ അവസ്ഥയിലാണ് ചാനല്‍ മുന്നോട്ടു നീങ്ങുന്നത്. മിക്ക ജീവനക്കാരും ജോലി ഒഴിവാക്കി പോവുകയും ചെയ്തിരുന്നു. വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ചാനലില്‍ ഇപ്പോള്‍ എത്തുന്നത് .ചാനല്‍ മറ്റു ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് നടത്തും എന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധമായ വിവരങ്ങള്‍ ലഭ്യമായില്ല. ചാനല്‍ ഗതികെട്ട അവസ്ഥയില്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് ആദായവകുപ്പിന്റെ റെയ്ഡും വന്നിരിക്കുന്നത്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…