പ്രധാനമന്ത്രി മോദിക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് സര്‍ക്കാര്‍ റദ്ദാക്കി

16 second read

ന്യൂഡൽഹി: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ആതിഷ് തസീറിന്റെ പൗരത്വ കാർഡ് കേന്ദ്ര സർക്കാർ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.

ആതിഷിന്റെ പിതാവ് പാകിസ്താനിൽ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ ടൈം മാസികയിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം തനിക്ക് വിശദീകരണം നൽകാൻ സർക്കാർ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു. മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്ലീൻ സിങ്ങിന്റേയും പാകിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റേയും മകനാണ് ആതിഷ് തസീർ. ബ്രിട്ടണിലാണ് ആതിഷ് ജനിച്ചത്.

പിതാവിന്റെ ജന്മസ്ഥലം പാകിസ്ഥാൻ എന്നാണ് ആതിഷ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് നിലനിർത്തുന്നതിൽ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒ.സി.ഐ കാർഡിനുള്ള അർഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യയിൽ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നൽകുന്ന പൗരത്വ സംവിധാനമാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയിൽ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവർക്കുണ്ട്. യുകെ പൗരനായ തസീറിന് 2015 വരെ ഇന്ത്യൻ വംശജൻ എന്ന കാർഡുണ്ടായിരുന്നു. എന്നാൽ പിന്നീട് ഗവൺമെന്റ് ഇത് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡുമായി ബന്ധിപ്പിച്ചു.

ടൈം മാസികയിൽ ആതിഷ് എഴുതിയ ലേഖനവും ഈ നടപടിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആതിഷ് എഴുതിയ ടൈം മാസിക ലേഖനം ഇന്ത്യയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു. ഒന്നാം മോദി സർക്കാരിന്റെ ഭരണകാലത്തെ രൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിൽ മോദിയെ ഭിന്നിപ്പിന്റെ തലവൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…