തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി: പള്ളി പണിയാന്‍ പകരം 5 ഏക്കര്‍

18 second read

ന്യൂഡല്‍ഹി: അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.

രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന് കോടതി വിധിച്ചു. അതോടൊപ്പം, പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു.മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

പുരാവസ്തു ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പള്ളി നിര്‍മിക്കപ്പെട്ടതിന് അടിയില്‍ ഒരു നിര്‍മിതി ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല; അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാല്‍ പോലും- എന്നും കോടതി നിരീക്ഷിച്ചു.

1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായിരുന്നു. ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…