പത്രികാ സമര്‍പ്പണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം: ബിജെപി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങൂന്നില്ല: വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനും അരൂരില്‍ പ്രകാശ്ബാബുവും ഏതാണ്ട് ഉറപ്പിച്ചു: ഇന്നുച്ചയ്ക്ക് ശേഷം പ്രഖ്യാപനം: സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്എസ് സമ്മര്‍ദത്തില്‍

17 second read

പത്രികാ സമര്‍പ്പണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം: ബിജെപി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങൂന്നില്ല: വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനും അരൂരില്‍ പ്രകാശ്ബാബുവും ഏതാണ്ട് ഉറപ്പിച്ചു: ഇന്നുച്ചയ്ക്ക് ശേഷം പ്രഖ്യാപനം: സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്എസ് സമ്മര്‍ദത്തില്‍

പത്തനംതിട്ട: അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പത്രികാ സമര്‍പ്പണത്തിന് ഇനി ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍. ഇന്നും നാളെയും പത്രിക നല്‍കാന്‍ കഴിയില്ല. തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് പത്രികാ സമര്‍പ്പണം നടത്തണം. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ രംഗത്ത് ഇറങ്ങി കഴിഞ്ഞു. അപ്പോഴും ആരെ മല്‍സരിപ്പിക്കണമെന്ന കാര്യത്തില്‍ ബിജെപിയില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ കെ സുരേന്ദ്രനും അരൂരില്‍ പ്രകാശ്ബാബുവും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു.

മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറിയ സുരേന്ദ്രന് മേല്‍ കോന്നിയിലെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസ് നല്‍കിയ പട്ടിക പ്രകാരമുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് നടന്നിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകും. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികളെ അറിഞ്ഞതിന് ശേഷം തങ്ങളുടെ ആള്‍ക്കാരെ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ആളുകളേക്കാള്‍ മികച്ചതല്ല എന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുണ്ട്. അതു കൊണ്ടു തന്നെയാണ് തുറുപ്പുചീട്ടുകളായ കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കി കളിക്കുന്നത്. ഇതില്‍ ഏറ്റവും അനുകൂല സാഹചര്യം ഉള്ളത് കോന്നിയില്‍ തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ നിലച്ചിട്ടില്ലാത്ത കോന്നിയില്‍ 2170 വോട്ടിന് മാത്രമാണ് ബിജെപി പിന്നിലുള്ളത് എന്നതാണ് വസ്തുത.

രണ്ടാമത് വന്ന സിപിഎമ്മിനേക്കാള്‍ വെറും 440 വോട്ട് മാത്രമാണ് സുരേന്ദ്രന്‍ പിന്നിലുള്ളതും. ഇവിടുത്തെ കാലാവസ്ഥ ഇപ്പോള്‍ ഏറ്റവും അനുകൂലം ബിജെപിക്കാണ്. കടുത്ത വിഭാഗീയതയാണ് കോണ്‍ഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാര്‍ഥി കെയു ജനീഷ്‌കുമാര്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിന്നണിയില്‍ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മല്‍സരിപ്പിച്ചാല്‍ തങ്ങള്‍ വോട്ടുചെയ്യാമെന്ന് നേതാക്കള്‍ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

യുവജനവിഭാഗം നേതാവാണ് ജനീഷ്‌കുമാറെങ്കിലും ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്. സിപിഎമ്മിനുള്ളിലും ജനീഷ്‌കുമാറിനോട് താല്‍പര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിലുമുള്ളത്. മോഹന്‍രാജിനെ കാലുവാരാനൊരുങ്ങി കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് അനുകൂലികള്‍ രംഗത്തുണ്ട്. ഇവരും സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് താല്‍പര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തില്‍ ഹൈന്ദവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളത് ഈഴവര്‍ക്കാണ്. ഈഴവ വോട്ടുകള്‍ ഒന്നടങ്കം നേടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹന്‍രാജ് നായര്‍ സമുദായാംഗമാണ്. ജനീഷ്‌കുമാര്‍ ഈഴവനാണെങ്കിലും സുരേന്ദ്രന്‍ മല്‍സര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകള്‍ ലഭിക്കാതെ പോകും.

സുരേന്ദ്രനാണ് ഇവിടെ സ്ഥാനാര്‍ഥിയെങ്കില്‍ മല്‍സരം എന്‍ഡിഎയും യുഡിഎഫും തമ്മിലായി മാറുകയും ചെയ്യും. ആര്‍എസ്എസ് നേതൃത്വമാണ് സുരേന്ദ്രന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. പ്രചാരണത്തിന് ആര്‍എസ് എസ് നേതൃത്വം നല്‍കുകയാണെങ്കില്‍ മാത്രമേ താന്‍ മല്‍സരിക്കാന്‍ ഉള്ളൂവെന്ന് സുരേന്ദ്രനും നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…