ത്രില്ലും ചിന്തയുമായി പ്രവാസി മലയാളിയുടെ സിനിമ’സെയ്ഫ്’ ഒക്ടോബര്‍ 18ന് റിലീസാകും

Editor

ദുബായ്: കേരളത്തിലെ സമകാലീന സംഭവ വികാസങ്ങള്‍ മലയാളി ബിസിനസുകാരനെ എത്തിച്ചത് സാമൂഹിക പ്രസക്തിയുള്ള സിനിമയിലേയ്ക്ക്. ദുബായില്‍ ബിസിനസുകാരനായ ഷാജി പല്ലാരിമംഗലം രചനയും നിര്‍മാണവും നിര്‍വഹിച്ച് പ്രദീപ് കാളിപുറയത്ത് സംവിധാനം ചെയ്ത ‘സെയ്ഫ്’ എന്ന മലയാള ചിത്രം ഒക്ടോബര്‍ 18ന് റിലീസാകും.

2016 ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്‌സ് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീ പിടിച്ച സംഭവമാണ് സിനിമാലോചനയ്ക്ക് വിത്തുപാകിയത്. ഈ വിമാനത്തിലെ യാത്രക്കാരായിരുന്നു മാവേലിക്കര സ്വദേശി ഷാജിയും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്നു പെണ്‍മക്കളും. നാട്ടില്‍ നിന്നു തിരിച്ചുവരികയായിരുന്ന കുടുംബത്തിനടക്കം യാത്രക്കാരില്‍ ആര്‍ക്കും പരുക്കോ മറ്റോ സംഭവിച്ചിരുന്നില്ലെങ്കിലും അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം മോചിതരാകാന്‍ ഏറെ നാളുകളെടുത്തു.

ഇതു കൂടാതെ മാധ്യമങ്ങളില്‍ നിത്യേന പ്രത്യക്ഷപ്പെടുന്ന, കേരളത്തില്‍ നടക്കുന്ന അക്രമ, പീഡന വാര്‍ത്തകളും കുട്ടികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. തങ്ങളെങ്ങനെ ഇനി കേരളത്തില്‍ സുരക്ഷിതരായി താമസിക്കും എന്നായിരുന്നു മക്കളുടെ ആശങ്ക. കേരളം ജീവിത സുരക്ഷയ്ക്ക് അനുയോജ്യമാണ്; പക്ഷേ, അതിന് നിയമപാലകരുടെ സേവനം കൂടാതെ, അവിടെ ജീവിക്കുന്നവരുടെ ജാഗ്രത കൂടി വേണം. ഈ ആശയത്തില്‍ നിന്നാണ് എപിഫാണി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സാമൂഹിക സുരക്ഷയുടെ പ്രാധാന്യം പ്രമേയമാക്കിയ ‘സെയ്ഫ്’ എന്ന ത്രില്ലര്‍ കുടുംബ ചിത്രം പിറക്കുന്നത്.

ദുബായില്‍ ബിസിനസുകാരനായ സര്‍ജു മാത്യുവുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷാജി തന്നെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു. തമിഴിലെ അറിയപ്പെടുന്ന ഛായാഗ്രഹകനും ആഡ് ഫിലിം മേയ്ക്കറുമായ പ്രദീപ് കാളിപുറയത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ്, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ, അജി ജോണ്‍, ഹരീഷ് പേരാടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയ അറുപതിലേറെ അഭിനേതാക്കളുമുണ്ട്. ഷാജി പല്ലാരിമംഗലവും സര്‍ജു മാത്യുവും അപ്രധാനമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീല്‍ ഒകുഞ്ഞയാണ് ഛായാഗ്രാഹണം. അരുണ്‍ അലാട്ട്, ശ്യാം മുരളീധര്‍, റോബിന്‍ കുര്യന്‍ എന്നിവര്‍ രചിച്ച് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം നല്‍കി വിജയ് യേശുദാസ്, സിതാര, കെ.എസ്.ഹരിശങ്കര്‍ എന്നിവര്‍ ആലപിച്ച പാട്ടുകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്നുറപ്പാണ്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദേശീയ അവാര്‍ഡുകള്‍ക്കെതിരെ ആഞ്ഞടിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യര്‍

Related posts
Your comment?
Leave a Reply