പാലാരിവട്ടം മേല്‍പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം

16 second read

തിരുവനന്തപുരം: നിര്‍മ്മാണത്തിലെ അപാകത മൂലം അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുള്ളതിനാല്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്ന് ഇന്നലെ കൂടിക്കാഴ്ചയില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ. ശ്രീധരന്‍ തയ്യാറാക്കും. നിര്‍മ്മാണത്തിന്റെ പൊതുവായ മേല്‍നോട്ടവും അദ്ദേഹം നിര്‍വഹിക്കും. സ്ഥായിയായ പരിഹാരത്തിന് പാലം പുതുക്കിപ്പണിയണമെന്നാണ് ശ്രീധരന്റെ അഭിപ്രായം. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പുനര്‍നിര്‍മ്മാണം സാങ്കേതിക മികവുള്ള ഏജന്‍സിയെ ഏല്പിക്കും. മേല്‍നോട്ടത്തിന് വിദഗ്ദ്ധ ഏജന്‍സിയുമുണ്ടാകും.പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരനുമായി സംസാരിച്ചത്. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അതെത്രകാലം നിലനില്‍ക്കുമെന്നതിനെപ്പറ്റി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്ത പ്രശ്‌നമുണ്ട്. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മ്മാണമാണ് കൂടുതല്‍ ഉചിതമെന്നാണ് ചര്‍ച്ചയില്‍ വിലയിരുത്തിയത്. ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങള്‍ ഇ. ശ്രീധരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും അതിന്റെ വിവരങ്ങള്‍ ഇടയ്ക്ക് സര്‍ക്കാരിന് നല്‍കുന്ന പതിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…