ഇനിമുതല്‍ പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിലും

16 second read

തിരുവനന്തപുരം: പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിലും നടത്തുന്ന കാര്യം കമ്മിഷന്‍ തത്വത്തില്‍ അംഗീകരിച്ചു. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം നടപ്പാക്കാമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉറപ്പു നല്‍കിയത്. കെ.എ.എസ് ഉള്‍പ്പെടെ ഇനി വിജ്ഞാപനം ചെയ്യാനിരിക്കുന്ന മുഴുവന്‍ പരീക്ഷകളുടെയും ചോദ്യക്കടലാസുകള്‍ മലയാളത്തിലും തയ്യാറാക്കും. ആവശ്യം അംഗീകരിക്കപ്പെട്ടതോടെ മലയാള ഐക്യവേദി പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു.

പരീക്ഷാ നടത്തിപ്പില്‍ ഉണ്ടാകാനിടയുള്ള സാങ്കേതികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നം പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.വിവിധ വിഷയങ്ങളില്‍ മലയാളത്തില്‍ സാങ്കേതിക വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കും.

പ്ലസ്ടു വരെ അടിസ്ഥാനയോഗ്യതയുള്ള പരീക്ഷകള്‍ക്ക് നിലവില്‍ മലയാളത്തിലാണ് ചോദ്യപേപ്പര്‍. ഉദ്യോഗാര്‍ത്ഥികളില്‍ 90 ശതമാനത്തോളം ഈ വിഭാഗത്തിലാണ്. ശേഷിക്കുന്ന പരീക്ഷകളേ ഇംഗ്ലീഷില്‍ നടത്തുന്നൂള്ളൂ. അവ കൂടി മലയാളത്തിലാക്കണമെന്നാണ് പി.എസ്.സിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ തമിഴിലും കന്നഡത്തിലും കൂടി ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ ഭാവിയില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.എസിയുടെ മുഴുവന്‍ പരീക്ഷകളുടെയും ചോദ്യങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ നേതൃത്വത്തില്‍ സമരം ശക്തമാകുകയും, സാഹിത്യ, സാംസ്‌കാരിക നായകര്‍ ഈ ആവശ്യവുമായി രംഗത്തെത്തുതയും ചെയ്തതോടെയാണ് വിഷയം പി.എസ്.സിയുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സമരത്തില്‍ ഇടപെട്ട് പി.എസ്.സിയുമായി ചര്‍ച്ച നടത്താമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, വി.മധുസൂദനന്‍ നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങിയവരും മലയാള ഐക്യവേദി നേതൃത്വം നല്‍കിയ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…