9 മാസത്തിനിടെ.. എച്ച്.എന്‍. അനന്ത് കുമാര്‍, മനോഹര്‍ പരീക്കര്‍, സുഷമ സ്വരാജ്, ഒടുവില്‍ അരുണ്‍ ജയ്റ്റ്‌ലിയും

18 second read

ന്യൂഡല്‍ഹി: 9 മാസത്തിനിടെ. എച്ച്.എന്‍. അനന്ത് കുമാര്‍, മനോഹര്‍ പരീക്കര്‍, സുഷമ സ്വരാജ്, ഒടുവില്‍ അരുണ്‍ ജയ്റ്റ്‌ലിയും. ആദ്യ നരേന്ദ്ര മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരായിരുന്നു 4 പേരും. മന്ത്രിപദത്തിലിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയ ഇവരുടെ വിയോഗവും പെട്ടെന്നായി.

അനന്ത്കുമാര്‍ 2018 നവംബറില്‍ മന്ത്രിപദത്തിലിരിക്കെ മരിച്ചപ്പോള്‍, സുഷമയും ജയ്റ്റ്‌ലിയും സാധ്യതകളുണ്ടായിട്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് ഇക്കുറി സ്വയം പിന്മാറുകയായിരുന്നു. ഡല്‍ഹി രാഷ്ട്രീയത്തിലും പിന്നീടു ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചുപ്രവര്‍ത്തിച്ച സുഷമ മരിച്ച് 18-ാം ദിവസമാണു ജയ്റ്റ്‌ലിയുടെ വിയോഗം.

പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാര്‍ട്ടിക്കു വേണ്ടി ഗോവന്‍ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കര്‍ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണു മരണത്തിനു കീഴടങ്ങിയത്. ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പിലേക്കാണു പരീക്കര്‍ മന്ത്രിയായെത്തിയത്. പരീക്കര്‍ മുഖ്യമന്ത്രിയായി മടങ്ങിയപ്പോഴും ആ വകുപ്പ് ആദ്യം ഏല്‍പ്പിച്ചത് ജയ്റ്റ്‌ലിയെയിരുന്നു. മുതിര്‍ന്ന നേതാവ് ഗോപിനാഥ് മുണ്ടെ മരിച്ചതും ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ്; അതും മന്ത്രിസഭ അധികാരമേറ്റ് എട്ടാം നാള്‍ വാഹനാപകടത്തില്‍.

പരീക്കറും മുണ്ടെയും ഒഴികെ മറ്റു 3 പേരും ആദ്യമായി മന്ത്രിപദത്തിലേക്ക് ഉയര്‍ത്തപ്പെട്ടത് എ.ബി. വാജ്‌പേയിയുടെ കാലത്തായിരുന്നുവെന്നതും പ്രത്യേകത. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് അടക്കം ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്നു. പിന്നീട് സുഷമ ആ വകുപ്പ് ഏറ്റെടുത്തു. ആരോഗ്യ- പാര്‍ലമെന്ററികാര്യ മന്ത്രാലയങ്ങളിലായിരുന്നു പിന്നീട് സുഷമയുടെ നിയോഗം. വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. വാജ്‌പേയിയുടെ വിയോഗവും ഒരു വര്‍ഷത്തിനിടെയായിരുന്നു; കഴിഞ്ഞ ഓഗസ്റ്റില്‍. സുഷമയുടെയും ജയ്റ്റ്‌ലിയുടെയും വേര്‍പാട് മറ്റൊരു ഓഗസ്റ്റില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…