അടൂരില്‍ സിപിഎം സിപിഐ പോര് മുറുകുന്നു: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സംസ്ഥാന തല ക്രമീകരണങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ തെങ്ങമം- അടൂര്‍- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് പുനരാരംഭിച്ചത് തങ്ങളുടെ സമരത്തെ തുടര്‍നെന്ന് സിപിഎം നേതാക്കള്‍: എന്നാല്‍ താന്‍ മന്ത്രിക്ക് നല്‍കിയ നിവേദനം മൂലമാണ് സര്‍വ്വീസ് പുനരാരംഭിച്ചതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

18 second read

അടൂര്‍: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സംസ്ഥാന തല ക്രമീകരണങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ തെങ്ങമം- അടൂര്‍- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റേ ബസ് സര്‍വീസ് സമരത്തെ തുടര്‍ന്ന് തിങ്കള്‍ മുതല്‍ പുനരാരംഭിക്കാന്‍ നടപടിയായി. ഇതു തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെട്ട് തൊട്ടു പിന്നാലെ സി.പി.എമ്മും എം.എല്‍.എയും വെവ്വേറെ രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം രാവിലെ 11.15 ന് സി.പി.എം തെങ്ങമം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എ.ടി.ഓഫീസ് ഉപരോധം ആരംഭിച്ചു. ഈ സമയം എ.ടി.ഒ തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.

ഉപരോധസമര വിവരം അടൂരിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എ.ടി.ഓയെ ധരിപ്പിച്ചു. അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ ഫലമായി സ്റ്റേ അല്ലാതെ രാവിലെ മുതലുള്ള സര്‍വീസ് നടത്താമെന്ന് ഉറപ്പ് ലഭിച്ച വിവരം ഫോണിലൂടെ സി.പി.എം നേതാക്കളെ അറിയിച്ചെങ്കിലും അവര്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല.

തുടര്‍ന്ന് നിരവധി തവണ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുമായി എ.ടി.ഒ ചര്‍ച്ച നടത്തി. ഉച്ചയ്ക്ക് 12.30 ന് എ.ടി.ഒ തെങ്ങമം- തിരുവനന്തപുരം സ്റ്റേ സര്‍വീസ് പുനരാ രംഭിക്കുമെന്ന് അറിയിച്ചതോടെ സമരം അ വസാനിപ്പിച്ചു. എന്നാല്‍ താന്‍ നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതായി ഉച്ചയ്ക്ക് ശേഷം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പ്രസ്താവന നടത്തി.

കെ.എസ്. ആര്‍.ടി.സി എം.ഡിയുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്കുന്ന ചിത്രവും വിവരണവും സഹിതം എം.എല്‍.എ. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം നേതാക്കളും എം.എല്‍.എയുംസോഷ്യല്‍ മീഡിയായില്‍ വാക് ശരങ്ങളുമായി ഏറ്റുമുട്ടി.

രാവിലെ 10 മുതല്‍ അടൂര്‍ ഡിപ്പോയില്‍ സി.പി.എം തെങ്ങമം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണെന്നും അങ്ങ് ഇപ്പോഴെങ്കിലും നിവേദനം നല്‍കിയതില്‍ പെരുത്ത സന്തോഷം ഉണ്ടെന്നും പറഞ്ഞ് ഉപരോധസമരത്തിന്റെ ഫോട്ടോ അടക്കം സി.പി.എം ഏരിയാ കമ്മറ്റിയംഗം സി.ആര്‍. ദിന്‍രാജ് എം.എല്‍.എയുടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഇതു സംബന്ധിച്ച കഴിഞ്ഞ മാസം നിവേദനം നല്‍കിയ വാര്‍ത്ത വന്നത് ദിന്‍രാജ് ശ്രദ്ധിക്കാത്തതാണ് കാരണമെന്ന് എം.എല്‍. എയും ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുത്തതോടെ നിരവധി പേര്‍ പല അഭിപ്രായങ്ങളുമായി രംഗത്ത് എത്തി.സി.പി.എം തെങ്ങമം ലോക്കല്‍ ക മ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു.സി.ആര്‍.ദിന്‍രാജ്, എന്‍. രാമചന്ദ്രന്‍ നായര്‍, സജില്‍, സി. സന്തോഷ്, സോജു, അനു, ഭാസ്‌ക്കരകുറുപ്പ്, ധര്‍മ്മരാജന്‍, രമേശ്വരിയമ്മ, ബിനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…