സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം: ഫാദര്‍ നോബിള്‍ പാറയ്ക്കലിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

16 second read

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പി.ആര്‍.ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.
”എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആര്‍ഒയായ ഫാ. നോബിള്‍ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയത് സിസ്റ്റര്‍ ലിജി മരിയയും ജ്യോതി മരിയയും ചേര്‍ന്നാണ്. എന്നെ കാണാന്‍ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം നടപടികള്‍ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവര്‍ പെരുമാറുന്നതെങ്കില്‍ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?”, സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. പൊലീസ് മഠത്തിലെത്തിയാണ് വാതില്‍ തുറപ്പിച്ചത്. കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സംഭവത്തില്‍ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്നത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് കുര്‍ബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…