വില്‍പനയുടെ അക്കൗണ്ട് പൂട്ടിയ ശേഷം വീണ്ടും തുറന്നു തിരിച്ചെടുത്തത് 6000 അക്ഷയ ലോട്ടറി ടിക്കറ്റുകള്‍: 1.80 ലക്ഷം രൂപയുടെ നഷ്ടം

16 second read

തൃശൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി വില്‍പനയുടെ അക്കൗണ്ട് പൂട്ടിയ ശേഷം വീണ്ടും തുറന്നു തിരിച്ചെടുത്തത് 6000 ലോട്ടറി ടിക്കറ്റുകള്‍. ചാവക്കാട്ടെ വന്‍കിട ഏജന്റിന്റെ കയ്യില്‍ വില്‍ക്കാതെ ശേഷിച്ച ടിക്കറ്റുകളാണ് ‘അണ്‍സോള്‍ഡ്’ വിഭാഗത്തില്‍പ്പെടുത്തി തിരിച്ചെടുത്തത്. ഏജന്റിനെ സഹായിക്കാന്‍ ലോട്ടറി താലൂക്ക് സബ് ഓഫിസിലെ ചില ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണു തിരിമറി നടത്തിയതെന്നാണു വിവരം.

അക്കൗണ്ട് പൂട്ടിയ ശേഷം ചൊവ്വാഴ്ച രാത്രി എട്ടോടെ വീണ്ടും തുറന്നത് ലോഗിന്‍ ഐഡിയും പാസ്വേഡും ദുരുപയോഗിച്ചാണെന്നു കരുതുന്നു. കാഷ് ബുക്കിലും സോഫ്റ്റ്വെയറിലും ക്രമക്കേടുകള്‍ നടത്തി 6000 ലോട്ടറികള്‍ ‘അണ്‍സോള്‍ഡ്’ ഇനത്തില്‍പ്പെടുത്തുകയായിരുന്നു. 6000 ലോട്ടറി വില്‍ക്കപ്പെടാതിരുന്നതിന്റെ നഷ്ടം ലോട്ടറി വകുപ്പിനാകും. ഒരു ലോട്ടറിക്ക് 30 രൂപ വീതം ആകെ 1.80 ലക്ഷം രൂപയുടെ നഷ്ടം. രാത്രി ലോട്ടറി ഓഫിസ് പ്രവര്‍ത്തിക്കുന്നതു കണ്ട ചില ഏജന്റുമാരാണു ക്രമക്കേട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

വെള്ളപ്പൊക്കം മൂലം ലോട്ടറി വില്‍പന മന്ദഗതിയിലായതു കണക്കിലെടുത്ത് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നറുക്കെടുപ്പ് മാറ്റിവച്ചിരുന്നു. ചൊവ്വാഴ്ച നറുക്കെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു. ബുധനാഴ്ച നറുക്കെടുപ്പ് നടത്തിയ ‘അക്ഷയ 408’ ലോട്ടറിയുടെ വില്‍പന അക്കൗണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്കു 3നു ക്ലോസ് ചെയ്തിരുന്നു. ഈസമയം ചാവക്കാട്ടെ വന്‍കിട ഏജന്റിന്റെ കയ്യില്‍ 6000 ടിക്കറ്റുകള്‍ മിച്ചംവന്നു. മുന്‍പ് സോഫ്റ്റ്വെയറില്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അടിമുടി പരിഷ്‌കരിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

6000 ലോട്ടറി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ചാവക്കാട് താലൂക്ക് ലോട്ടറി ഓഫിസ് അധികൃതര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…