മഹനീയ സേവനം പ്രതിഫലം വാങ്ങാതെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ കടലിന്റെ മക്കള്‍ കൊല്ലത്തേക്കു മടങ്ങി

16 second read

പത്തനംതിട്ട :പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി മുന്‍കരുതലെന്ന നിലയില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം എത്തിച്ച 10 ബോട്ടുകളും 46 മത്സ്യത്തൊഴിലാളികളും മടങ്ങി. പ്രതിഫലം വാങ്ങാതെയാണ് സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇവരെത്തിയത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കൊല്ലം ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയാണ് നീണ്ടകരയില്‍ നിന്നും ബോട്ടുകളും മത്സ്യത്തൊഴിലാളികളെയും ജില്ലയില്‍ എത്തിച്ചത്. ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് അപകടസ്ഥിതി ഒഴിവായതോടെയാണ് ഇവരെ മടക്കി അയച്ചത്. കടലില്‍ നിന്ന് ഒരു ബോട്ടിന് പ്രതിദിനം ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ വരുമാനം ലഭിക്കുന്നതു വേണ്ടെന്നു വച്ചാണ് പത്തനംതിട്ടക്കാരുടെ ജീവന്‍ കാക്കാന്‍ ഇവര്‍ ഓടിയെത്തിയത്.

നാലു ബോട്ടുകള്‍ പന്തളം താലൂക്കിലും രണ്ടു ബോട്ടുകള്‍ കോഴഞ്ചേരി താലൂക്കിലും നാലു ബോട്ടുകള്‍ തിരുവല്ല താലൂക്കിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിരുന്നത്. പന്തളം ഗേള്‍സ് സ്‌കൂള്‍ മൈതാനം, തിരുവല്ല കടപ്ര, ചാത്തങ്കേരി, കോഴഞ്ചേരി ആറന്മുള സത്രക്കടവ് എന്നിവിടങ്ങളിലാണ് ബോട്ടുകള്‍ സജ്ജമാക്കിയിരുന്നത്. തിരുവല്ല തഹസീല്‍ദാര്‍ നവീന്‍ ബാബു, അടൂര്‍ തഹസീല്‍ദാര്‍ ബീന എസ് ഹനീഫ്, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ നന്ദിപൂര്‍വം യാത്ര അയച്ചു.

തിരുവല്ലയുടെ സ്നേഹോപഹാരമായി എവിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട്ടിലേക്കുള്ള കിറ്റും ഓരോ ജോടി ഷര്‍ട്ടും സാരിയും മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കി. തഹസീല്‍ദാര്‍ നവീന്‍ ബാബു, ഡെപ്യുട്ടി തഹസീല്‍ദാര്‍മാരായ മുരളി, അജിത്ത്, എവിഎസ് ട്രസ്റ്റ് അംഗങ്ങളായ ഈപ്പന്‍ കുര്യന്‍, അഡ്വ. വര്‍ഗീസ് മാമ്മന്‍, അജു അലക്സ്, സുധി ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. പന്തളത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മത്സ്യത്തൊഴിലാളികള്‍ക്കു തുണിത്തരങ്ങള്‍ സമ്മാനിച്ചു. തഹസീല്‍ദാര്‍ ബീന എസ് ഹനീഫ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ്, സ്പഷല്‍ വില്ലേജ് ഓഫീസര്‍ അന്‍വര്‍, അനില്‍കുമാര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി എസ് ഷെജീര്‍, യൂത്ത് നിര്‍വാഹകസമിതി അംഗം നസീര്‍ ഖാന്‍, യൂത്ത് പന്തളം യൂണിറ്റ് പ്രസിഡന്റ് ദിലീപ് കൊല്ലം മണ്ണില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആറന്മുളയില്‍ സേവനമനുഷ്ഠിച്ച മത്സ്യത്തൊഴിലാളികള്‍ക്കും സ്നേഹ സമ്മാനമായി വസ്ത്രങ്ങള്‍ നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…