രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം: ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി: 1998ല്‍ കോണണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയ 19 വര്‍ഷം പാര്‍ട്ടിയെ നയിച്ചു

16 second read

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ നേതൃത്വത്തില്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇടക്കാല പ്രസിഡന്റായി മുന്‍ അദ്ധ്യക്ഷയും യു.പി.എ ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ സ്ഥാനമൊഴിഞ്ഞ് രണ്ടര മാസത്തിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സോണിയ വരുന്നത്. 1998ല്‍ കോണണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയ 19 വര്‍ഷം പാര്‍ട്ടിയെ നയിച്ചു. കൂടുതല്‍കാലം അദ്ധ്യക്ഷ പദവി വഹിച്ചയാളാണെന്ന ഖ്യാതിയോടെ 2017 ഡിസംബറിലാണ് പദവി രാഹുലിന് കൈമാറിയത്.

ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി രാഹുല്‍ തുടരണമെന്ന് ആവര്‍ത്തിച്ചെങ്കിലും അദ്ദേഹം അത് തള്ളി. തുടര്‍ന്ന് രാഹുല്‍ ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇതും രാഹുല്‍ തള്ളി. എന്നാല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഗാന്ധി കുടുംബം തന്നെ നേതൃനിരയില്‍ വേണമെന്ന് നേതാക്കള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.
നേതാക്കളുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ രാഹുല്‍ പ്രവര്‍ത്തകസമിതി തീരും മുമ്പ് ഇറങ്ങിപ്പോയി. പുറത്തെത്തി മാദ്ധ്യമങ്ങളെ കണ്ട രാഹുല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനായി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലുള്ള നടപടികള്‍ നിറുത്തിവച്ചെന്ന് പറഞ്ഞു. ജമ്മുകശ്മീരിലും ലഡാക്കിലും എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പിന്നാലെ പുറത്തിറങ്ങിയ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദാണ് സോണിയ അദ്ധ്യക്ഷയാകുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും സോണിയയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെടുന്നതും അദ്ധ്യക്ഷ പദവിയിലെ സേവനത്തിന് രാഹുലിന് നന്ദിയറിയിച്ചും സോണിയ പുതിയ അദ്ധ്യക്ഷയാകണമെന്ന് നിര്‍ദ്ദേശിച്ചുമുള്ള മൂന്നുപ്രമേയങ്ങള്‍ പ്രവര്‍ത്തക സമിതി പാസാക്കി.

മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. പ്രവര്‍ത്തക സമിതി ഏകകണ്ഠമായി ഇത് തള്ളിയെങ്കിലും രാജിയില്‍ ഉറച്ചു നിന്ന രാഹുല്‍ ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിട്ടു. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ 77 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. തുടര്‍ന്ന് അഞ്ച് മേഖലകളായി തിരിഞ്ഞ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പുതിയ അദ്ധ്യക്ഷനായുള്ള ചര്‍ച്ച നടത്തി.
കിഴക്കന്‍ മേഖലയുടെ യോഗം സോണിയയുടെയും പടിഞ്ഞാറന്‍ മേഖലയുടെ യോഗം രാഹുലിന്റെയും നേതൃത്വത്തില്‍ ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തില്‍ തങ്ങളുടെ സ്വാധീനം ഉണ്ടാവരുതെന്ന് വ്യക്തമാക്കി രാഹുലും സോണിയയും വിട്ടുനിന്നു. വടക്കന്‍ മേഖല യോഗത്തിന് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധി മാത്രമാണ് നെഹ്റു കുടുംബത്തില്‍ നിന്ന് പങ്കെടുത്തത്. കേരളമടക്കമുള്ള തെക്കന്‍ മേഖലാ യോഗത്തെ മന്‍മോഹന്‍ സിംഗ് നയിച്ചു. കിഴക്കന്‍ മേഖല സുഷ്മിത ദേവിന്റെയും പടിഞ്ഞാറന്‍ മേഖല ഗൗരവ് ഗോഗോയിയുടെയും അദ്ധ്യക്ഷതയില്‍ നടന്നു. തുടര്‍ന്ന് രാത്രി 8.45ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ അഞ്ച് മേഖലകളും രാഹുല്‍ തുടരണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതില്‍ ക്ഷുഭിതനായ രാഹുല്‍ കടുത്ത അതൃപ്തിയറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…