ഉരുള്‍പൊട്ടലില്‍ ഒരു എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി: 60 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം

16 second read

വയനാട്: മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 60 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നു സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഉരുള്‍പൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വഴിയില്‍ ഏറെ തടസ്സങ്ങളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. സൈനിക എന്‍ജിനീയറിങ് ഫോഴ്‌സിന്റെ സഹായവും ആവശ്യപ്പെട്ടു.

വയനാട് മുട്ടില്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു. പഴശ്ശി ആദിവാസി കോളനിയിലെ മഹേഷ്, ഭാര്യ പ്രീതി എന്നിവരാണു മരിച്ചത്. നാലരയോടെയാണു മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി വീടിനു മുകളിലേക്കു മണ്ണും കല്ലും വന്നുവീഴുകയായിരുന്നു. വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തില്‍ രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ ഹെവി വെഹിക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. സൈലന്റ് വാലി ദേശിയോദ്യാനത്തില്‍ സന്ദര്‍ശനം നിരോധിച്ചു. സഞ്ചാരികള്‍ക്കുള്ള ബുക്കിങും നിര്‍ത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയില്‍ കനത്തമഴയാണ്. മരങ്ങള്‍ കടപുഴകി പലയിടത്തും യാത്ര തടസപ്പെട്ടിരിക്കുന്നു. മുന്‍കരുതലായാണു സന്ദര്‍ശനം നിര്‍ത്തിവച്ചതെന്നു അധികൃതര്‍ പറഞ്ഞു. ഇവിടുത്തെ ആദിവാസി ഊരുകളിലെ തടസങ്ങള്‍ മാറ്റാനും സഹായം എത്തിക്കാനും വനംജീവനക്കരുടെ സംഘം എത്തിയിട്ടുണ്ട്. കഴിഞ്ഞപ്രളയകാലത്ത് സൈലന്റ് വാലിയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 7ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്‌സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയരും.കോഴിക്കോട് ജില്ലയിലാകെ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം പത്തായി. 138 കുടുംബങ്ങളിലെ 477 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റ്യാടി പശുക്കടവ് മവട്ടം വനത്തില്‍ ഉരുള്‍പൊട്ടി. എക്കല്‍ പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്. കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…