രക്തത്തിലെ മദ്യാംശം മാറ്റാനായി ‘പാതിരാകറക്കത്തില്‍ പ്പെട്ട’മൂന്നാറിലെ പഴയ പുലിമുരുകന് കിംസ് ആശുപത്രിയില്‍ ഡയാലിസിസും നടന്നു..! ശ്രീറാം വെങ്കിട്ടരാമന്‍ ‘കള്ളക്കളികള്‍’ നടത്തിയെന്ന് റിപ്പോര്‍ട്ട്

16 second read

കൊച്ചി : മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കള്ളക്കളികള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ബോധപൂര്‍വ്വമുള്ള ഇടപെടല്‍ നടത്തിയെന്നാണ് സൂചന. മദ്യപിച്ച് വണ്ടി ഓടിച്ചതായി കണ്ടെത്തിയാല്‍ കുടങ്ങുമെന്ന് ശ്രീറാം വെങ്കിട്ടരാമന് അറിയാമായിരുന്നു. ഇത് മനസ്സിലാക്കിയുള്ള ഇടപെടല്‍ നടന്നുവെന്നാണ് സൂചന. സംഭവത്തിനുശേഷം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ഡയാലിസിസിനു വിധേയനായെന്നു സൂചന. രക്തത്തില്‍ കലര്‍ന്ന മദ്യാംശം പൂര്‍ണമായി ഒഴിവാക്കാനായിരുന്നു ഇത്. കിംസ് ആശുപത്രിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ചികില്‍സയ്ക്ക് വിധേയമായത്. മംഗളം പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായ ആരോപണമാണ് മംഗളം ഉയര്‍ത്തുന്നത്.

സാധാരണയായി വൃക്കരോഗികളില്‍ രക്തത്തിലെ മാലിന്യങ്ങള്‍, ലവണങ്ങള്‍, അമിതജലാംശം തുടങ്ങിയവ നീക്കം ചെയ്യാനാണു ഡയാലിസിസ് നടത്താറുള്ളത്. എന്നാല്‍ മദ്യാംശം നീക്കം ചെയ്യാനായി, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതെ ശ്രീറാമിനു ഡയാലിസിസ് നടത്തുകയായിരുന്നെന്നാണു സൂചന. ഡയാലിസിസ് നടത്തുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയും. സ്വകാര്യാശുപത്രിയില്‍നിന്നു ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ മാസ്‌ക് ഉള്‍പ്പെടെ ധരിപ്പിച്ചതിനു കാരണം ഇതാണെന്ന് മംഗളം പറയുന്നു. ഏതായാലും കോളിളക്കമുണ്ടാക്കുന്ന വാര്‍ത്തയാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കിംസില്‍ ഐഎഎസ് അസോസിയേഷന്‍ നേതാക്കള്‍ അടക്കം എത്തി ഇടപെടല്‍ നടത്തിയിരുന്നു. ആരോഗ്യവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് കൂടിയാണ് മംഗളത്തിലെ ഈ വാര്‍ത്തയ്ക്ക ്പ്രാധാന്യം കൂടുന്നത്.

പൊലീസ് ശേഖരിച്ച രക്തസാമ്പിളില്‍ മദ്യസാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമായിരുന്നു രക്തപരിശോധന. മദ്യപിച്ചിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തതിനാല്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ശ്രീറാമിനു ജാമ്യമനുവദിച്ചിരുന്നു. അപകടശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്രീറാമിനു മദ്യഗന്ധം ഉണ്ടായിരുന്നെന്നു ഡ്യൂട്ടി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. അപകടത്തില്‍ പരുക്കേറ്റ ശ്രീറാമിനെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്‌തെങ്കിലും പോയതു കിംസ് ആശുപത്രിയിലേക്കാണ്. അതിനു പൊലീസ് ഒത്താശചെയ്‌തെന്നാണ് ആരോപണം. ഇതിന് ശേഷമാണ് കള്ളക്കളികള്‍ നടന്നത്. ഇതോടെ രക്തത്തില്‍ നിന്നും മദ്യത്തിന്റെ സാന്നിധ്യം അപ്രത്യക്ഷമായി. ഇതിന് കാരണം ഡയാലിസിസ് ആണെന്നാണ് സൂചന.

കിംസ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കിടന്നത് കസ്റ്റഡിയിലെ പ്രതിയായാണ്. ആദ്യ ദിവസം കിംസ് ആശുപത്രിയില്‍ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നല്‍കിയത്് സുഖ ചികില്‍സയായിരുന്നു. കിംസ് സൗത്ത് ബ്ലോക്കില്‍ ഒന്‍പതാമത്തെ നിലയില്‍ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുഖവാസത്തില്‍ കഴിഞ്ഞത്. ഈ നിലയിലേക്ക് ഈച്ച പോലും കടക്കാത്ത സുരക്ഷയും ഒരുക്കി. ഇവിടേക്കാണ് പൊലീസ് കസ്റ്റഡിയിലെ പ്രതിയെ കാണാന്‍ ഐഎഎസ് അസോസിയേഷന്‍ നേതാവ് എത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. കേസില്‍ സംഘടനയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിന് ശേഷമാണ് നാടകം കളിയുമായി പൊലീസ് ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഒടുവില്‍ എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു. യുവ ഐഎഎസുകാരന്‍ എത്തിയത് മെഡിക്കല്‍ കോളേജിലും. രാജ്യം മുഴുവന്‍ കാശ്മീര്‍ വിഭജനം ചര്‍ച്ചയാക്കുമ്പോള്‍ പതിയെ അവിടെ നിന്ന് ശ്രീറാമിനെ എസി സൗകര്യമുള്ള ഐസിയുവിലേക്കും മാറ്റി. അങ്ങനെ ശ്രീറാമിനെ ഐഎഎസ് ലോബി എല്ലാ അര്‍ത്ഥത്തിലും രക്ഷിച്ചെടുത്തു.

കവടിയാറിലെ ഐഎഎസ് ഇന്‍സ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാര്‍ട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറില്‍ കയറ്റിയതെന്നാണ് ആരോപണം. എന്നാല്‍ വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാര്‍ക്കില്‍ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയര്‍ലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവില്‍ സര്‍വ്വീസുകാര്‍ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ ശ്രീറാം എടുത്ത മുന്‍കരുതലുകളാണ് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

മദ്യപിച്ച് വണ്ടി ഓടിച്ച് ബഷീറിനെ കൊന്നുവെന്ന കുറ്റം നിലനില്‍ക്കാതിരിക്കാനാണ് ഇത്. ഇതിന് വേണ്ടി കിംസില്‍ എത്തിയ ശ്രീറാം ആവശ്യപ്പെട്ടത് അഞ്ച് കുപ്പി ഗ്ലൂക്കോസ് ശരീരത്തില്‍ അടയ്ക്കാനാണ്. ഇതിലൂടെ രക്തശുദ്ധി അതിവേഗം വരുന്നുവെന്ന് ഉറപ്പാക്കി. ഡ്രിപ്പിനൊപ്പം മരുന്നും കഴിച്ചുവെന്നാണ് സൂചന. ഇതിന് മുമ്പ് രക്തസാമ്പികള്‍ എടുക്കുന്നില്ലെന്ന് ശ്രീറാം ഉറപ്പാക്കിയതാണ് അതി നിര്‍ണ്ണായകമായത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്ലാതെ ആര്‍ക്കും ആരും മദ്യപിച്ചുവെന്ന് തെളിയിക്കാനാകില്ല. നിലത്ത് കാലുറയ്ക്കാതെ ശ്രീറാമിനെ സ്‌പോട്ടില്‍ കണ്ടവരുണ്ട്. മദ്യത്തിന്റെ മണം മൂക്കിലെത്തിയെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടറും കുറിപ്പടിയില്‍ കുറിച്ചു. എന്നാല്‍ ഇതൊന്നും മദ്യപാനം തെളിയിക്കാന്‍ പോന്ന തെളിവുകളല്ല. അതിന് ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. ഇത് പൊലീസ് ചെയ്തില്ലെന്ന് മാത്രമല്ല മദ്യാംശം ഇല്ലാതാക്കാന്‍ പ്രതിയെ സഹായിക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ഡയാലിസിസും നടന്നുവെന്ന് വാര്‍ത്ത എത്തുന്നത്.

ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് നടത്തി ഇടപെടലിനെ കുറിച്ച് മുഖ്യമന്ത്രിയും അറിഞ്ഞു കഴിഞ്ഞു. കസ്റ്റഡിലുള്ള പ്രതിയെ ഐഎഎസുകാരി സന്ദര്‍ശിച്ചത് അത്ഭുതപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാരിന് ഐഎഎസുകാരെ തല്‍കാലം പിണക്കാനാകില്ല. ഈ സാഹചര്യമാണ് എല്ലാവരും മുതലെടുക്കുന്നതെന്നും മുഖ്യമന്ത്രിക്ക് അറിയാം. തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷമായിരുന്നു ഈ ഇടപെടലുകള്‍. ട്രിപ്പ് കൊടുത്തതും സ്‌പെഷ്യല്‍ ബ്രാഞ്ചിലൂടെ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഐഎഎസുകാരുടെ ഇടപെടലില്‍ നടപടിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി തിരിച്ചറിയുന്നു. ഐഎഎസ് ക്ലബ്ബിലെ വെള്ളമടി പുറത്തു വരാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും പൊലീസിലൂടെ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. ഏതായാലും ശ്രീറാമിന് ജ്യാമം കിട്ടാന്‍ കാരണം ഈ നീക്കങ്ങളാണ് എന്നതാണ് വസ്തുത. കിംസ് ആശുപത്രിയില്‍ പോയി ശ്രീറാമിനെ കാണേണ്ട ആവശ്യം ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിന് ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേക്ക് മാറ്റിയപ്പോള്‍ ക്യാമറകളെ വെട്ടിക്കാന്‍ ശ്രമിച്ചത് മുഖം മറച്ച് സ്ട്രെച്ചറില്‍ കിടന്നായിരുന്നു. ആശുപത്രിയിലെ ശീതീകരിച്ച മുന്തിയ മുറിയില്‍ ടിവികാണാനും ഫോണ്‍ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ആദ്യ ദിവസങ്ങളില്‍ പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും ശ്രീറാമിനെ പരിചരിച്ചത്. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പില്‍ ഓണ്‍ലൈനിലാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നുവെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും നരഹത്യാ കേസ് നിലനില്‍ക്കില്ല എന്നും ശ്രീറാം കോടതിയില്‍ അവകാശപ്പെട്ടിരുന്നു.

മൂന്നാറിലെ ജനകീയ ഇടപെടലുമായി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍. അന്ന് മൂന്നാറിലെ പുലി മുരുകന്‍ എന്ന വിളിപ്പേരും ലഭിച്ചു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥരനെതിരെയാണ് ഇപ്പോള്‍ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. കേസിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…