മഹാരാഷ്ട്രയില്‍ പേമാരി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

18 second read

മുംബയ് : മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ നാലാം ദിവസവും തകര്‍ത്തു പെയ്യുന്നു.
മുംബയ് നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍പ്പെട്ട് നാലുപേരെ കാണാതായി. മുംബയ്, പാല്‍ഘര്‍, താനെ, നാസിക്, റായ്ഗഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ വൈകി ഹാജര്‍ രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അഞ്ചു ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ അധിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മുംബയ്ക്ക് പുറമേ താനെ, പൂനെ, നാസിക്, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷം. പൂനെയിലെ ഖഡക്ക് വാസ്ലെ ഡാം തുറന്നുവിട്ടു.

ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. മണ്ണിടിച്ചില്‍ കാരണം തടസപ്പെട്ട കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകള്‍ അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയില്‍ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടര്‍ന്നാണ് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനു സമീപം അംബ പാലത്തിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രശ്‌നം രൂക്ഷമായി. അതോടെ കൊങ്കണ്‍ പാത പൂര്‍ണമായി അടഞ്ഞു.

കല്യാണ്‍, ഇഗത്പുരി സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലേക്ക് പാറ വീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. കല്യാണ്‍-കര്‍ജത്ത് മേഖലയില്‍ ഷെലുവിലും വാംഗണി-നെരല്‍ സ്റ്റേഷനുകള്‍ക്കിടയിലും പാളത്തിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയതോടെ പൂനെ-മുംബയ് പാതയിലെ ഗതാഗതവും തടസപ്പെട്ടു.

രാവിലെ പതിനൊന്നോടെയാണ് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞത്. വൈകിട്ട് നാലോടെ മണ്ണുമാറ്റിയ ശേഷമാണ് രാജധാനി എക്‌സ്പ്രസ് മുന്നോട്ടുപോയത്. എന്നാല്‍, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞുതന്നെ കിടന്നു. ഈ പാതയിലൂടെ ഓടേണ്ട മറ്റു വണ്ടികളെല്ലാം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.

മുംബയിലെ പ്രധാന യാത്രാമാര്‍ഗമായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെടുന്നുണ്ട്. കനത്ത മഴയുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്നും വെള്ളക്കെട്ടുകളില്‍നിന്ന് അകലം പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുംബയ് പൊലീസ് മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മുംബയില്‍ 24 മണിക്കൂറില്‍ പെയ്തത് 204 മില്ലിമീറ്റര്‍ മഴയാണ്. താനെയിലും നവിമുംബയിലും ലഭിച്ചത് 250 മില്ലിമീറ്ററിലധികം മഴയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…