ഉന്നാവ് പീഡനക്കേസിലും വാഹനാപകടക്കേസിലും അന്വേഷണം വേഗത്തിലാക്കി സിബിഐ: 7 ദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

17 second read

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിലും വാഹനാപകടക്കേസിലും അന്വേഷണം വേഗത്തിലാക്കി സിബിഐ. ഏഴു ദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ വസതിയില്‍ ഉള്‍പ്പെടെ 17 ഇടത്ത് ഒരേസമയം സിബിഐ പരിശോധന തുടരുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്.

രണ്ടു കേസുകളുമായും ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു. ഉത്തര്‍ പ്രദേശിലെ നാല് ജില്ലകളിലാണ് സിബിഐ പരിശോധന നടത്തുന്നത്. ലക്‌നൗ, ബാന്‍ഡ, ഫത്തേപുര്‍, ഉന്നാവ് ജില്ലകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെല്ലാം കേസിന്റെ ഭാഗമായി സിബിഐ റെയ്ഡ് തുടരുന്നുണ്ട്. സിതാംപുറില്‍ സെന്‍ഗറിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലും കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയിരുന്നു. ജയിലില്‍ ആരെല്ലാം ഇയാളെ സന്ദര്‍ശിച്ചു എന്നറിയാനായിരുന്നു വിസിറ്റേഴ്‌സ് ബുക് ഉള്‍പ്പെടെ പരിശോധിച്ചത്.

വാഹനാപകടവുമായി ബന്ധപ്പെട്ട് സെന്‍ഗര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയും തിരിച്ചറിയാനാകാത്ത 15-20 പേര്‍ക്കെതിരെയും കേസുണ്ട്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി മാഖി സ്റ്റേഷനില്‍ നിന്നു നിയോഗിച്ചിരുന്ന പൊലീസുകാരെയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ യാത്രാവിവരങ്ങള്‍ ഇവരാണ് ചോര്‍ത്തി നല്‍കിയതെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്. സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ജയിലിലെത്തി ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇരുവരെയും വിട്ടുകിട്ടാന്‍ ലക്നൗ കോടതിയില്‍ സിബിഐ അപേക്ഷയും നല്‍കി. ചോദ്യം ചെയ്യലിനു മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് റെയ്ഡ്.

ഇക്കഴിഞ്ഞ ജൂലൈ 30നാണു വാഹനാപകടം നടന്നത്. 2017 ജൂണ്‍ നാലിന് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാരോപിച്ച പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. ഇവരുടെ രണ്ട് അമ്മായിമാരും മരിച്ചു. അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്. റായ് ബറേലിയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ലക്‌നൗവിലെ കിങ് ജോര്‍ജ്‌സ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിക്ക് ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായി തുടരുകയാണ്.

കാറപകടക്കേസ് അന്വേഷിക്കാന്‍ സിബിഐ 20 അംഗ പ്രത്യേക സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. പീഡനക്കേസ് അടക്കം നാലു കേസുകള്‍ നേരത്തേ തന്നെ സിബിഐയുടെ അന്വേഷണ പരിധിയിലുണ്ട്. 3 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…