തെളിവുകളെല്ലാം ശ്രീറാമിന് എതിരായിട്ടും നാടകം കളിച്ച് പൊലീസ്

16 second read

തിരുവനന്തപുരം: യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ തല്‍ക്ഷണം മരിക്കാനിടയായ സംഭവത്തില്‍ ശ്രീറാമിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മെഡിക്കല്‍ പരിശോധന നടത്തുന്നതിലും വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തുന്നതിലും പൊലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും മദ്യലഹരിയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസറെ രക്ഷിക്കാനുള്ള തന്ത്രങ്ങളാണ് പൊലീസ് പയറ്റിയത്.

കാറോടിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന വഫയെന്ന യുവതിയാണെന്ന ശ്രീറാമിന്റെയും വഫയുടെയും വാക്കുകള്‍ വിശ്വസിക്കാനാണ് പൊലീസ് താല്‍പ്പര്യം കാട്ടിയത്. ശ്രീറാം മദ്യലഹരിയിലാണെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കിയ പൊലീസ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താന്‍ തയ്യാറായില്ല. രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് ശേഖരിക്കാന്‍ ശ്രീറാമിന്റെ അനുമതി ലഭിച്ചില്ലെന്ന സാങ്കേതിക കാരണമാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചശേഷമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കാറോടിച്ചതാരെന്ന് രേഖപ്പെടുത്തിയിട്ടില്ല. കാറിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മദ്യലഹരിയുമാണ് അപകടത്തിനിടയാക്കിയതെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക് സാക്ഷി മൊഴികളില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ടെങ്കിലും ഐ.എ.എസ് ഓഫീസറായതിനാല്‍ ശാസ്ത്രീയ പരിശോധനയ്ക്കോ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തെളിവുകള്‍ക്കോ ശേഷം ഇത് സ്ഥിരീകരിച്ചാല്‍ മതിയെന്നാണ് പൊലീസിന്റെ നിലപാട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…