വിവാഹമോചന സമ്പ്രദായമായ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാക്കി നിരോധിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി

17 second read

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ ചരിത്രം കുറിച്ചുകൊണ്ട് മുസ്ലീംസമുദായത്തിലെ വിവാഹമോചന സമ്പ്രദായമായ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാക്കി നിരോധിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. ലോക്സഭ നേരത്തേ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമമാകും.

മുസ്‌ളിം വനിതാ (വിവാഹാവകാശ സംരക്ഷണം) ബില്‍ 2019 നിയമമാകുന്ന മുറയ്ക്ക് മുസ്‌ളിം സ്ത്രീയെ ഒറ്റയടിക്ക് മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലുന്ന വിവാഹമോചന രീതി അവസാനിക്കും. മുത്തലാഖ് ചൊല്ലുന്ന പുരുഷന്മാര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍, ഇന്നലെ 84 ന് എതിരെ 99 വോട്ടിന് ബില്‍ പാസാക്കിയത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം 84-നെതിരെ 100 വോട്ടുകള്‍ക്ക് തള്ളി. പ്രതിപക്ഷ എതിര്‍പ്പു കാരണം രണ്ടു തവണ പാസാക്കാന്‍ കഴിയാതിരുന്ന ബില്‍ ഇന്നലെ പാസാക്കുന്നതില്‍ പ്രതിപക്ഷ അനൈക്യം കേന്ദ്രത്തിന് തുണയായി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം സഞ്ജയ് സിംഗ് ബില്‍ പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് രാജ്യസഭാംഗത്വം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. കേരളത്തില്‍ നിന്നുള്ള എം.പി. വീരേന്ദ്രകുമാറും ജോസ് കെ. മാണിയും എത്തിയില്ല.

നിലവില്‍ 241 ആണ് രാജ്യസഭയിലെ അംഗബലം. ഇന്നലെ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷത്തു നിന്ന് ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികള്‍ ഇറങ്ങിപ്പോവുകയും, പ്രതിപക്ഷത്ത് ടി.ആര്‍.എസ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തതോടെ അംഗസംഖ്യ 213 ഉം, ബില്‍ പാസാകാന്‍ വേണ്ട പിന്‍ബലം 107 ഉം ആയി ചുരുങ്ങി. ഭരണഘടന പ്രകാരം പ്രത്യേക പദവിയുള്ള ജമ്മു കാശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

2017 ആഗസ്റ്റില്‍ മുത്തലാഖ് വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ഡിസംബറിലാണ് മുത്തലാഖ് നിരോധന ബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബില്‍ രാജ്യസഭയില്‍ എത്തിയെങ്കിലും പ്രതിപക്ഷ എതിര്‍പ്പു കാരണം പാസായില്ല. ഇന്നലെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. പാകിസ്ഥാനും ബംഗ്‌ളാദേശും ഉള്‍പ്പെടെ ഇരുപതിലധികം രാജ്യങ്ങള്‍ മുത്തലാഖ് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്നും, ബില്ലിനെ രാഷ്ട്രീയക്കണ്ണോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ്

മുസ്‌ളിം സമുദായത്തിലെ മൂന്നു തരം വിവാഹമോചന സമ്പ്രദായങ്ങളില്‍ ഒന്ന്. തലാഖ് അഹ്‌സന്‍, തലാഖ് എഹ്‌സന്‍, തലാഖ് തലാഖ് ഉല്‍ ബിദ്ദത്ത് (ഒറ്റത്തലാഖ്, ഇരട്ടത്തലാഖ്, മുത്തലാഖ്) എന്നിവയാണ് മൂന്നു രീതികള്‍. ആദ്യ രണ്ടു രീതികളിലും വിവാഹമോചന തീരുമാനം മാറ്റാന്‍ അവസരമുണ്ടെങ്കില്‍, മുത്തലാഖ് അന്തിമമാണ്. ഫോണിലൂടെ മൂന്നു തവണ തലാഖ് പറയുകയോ, കത്തില്‍ തലാഖ് എന്ന് മൂന്നു തവണ എഴുതി ഭാര്യയ്ക്ക് അയച്ചുകൊടുത്താല്‍ പോലുമോ മുത്തലാഖ് പ്രാബല്യത്തില്‍ വരുമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…