കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചതിന് രണ്ട് Aiyf പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

16 second read

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചതിന് രണ്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കമ്മിറ്റി അംഗം ജയേഷ്, ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് പിടിയിലായത്. ഇവര്‍ വന്ന കാര്‍ ഓടിച്ചിരുന്ന കിസാന്‍സഭ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ റെഡ്യാര്‍ ബംഗളൂരുവിലാണ്. കാര്‍ കസ്റ്റഡിയിലെടുത്തു.

സി.പി.ഐ ജില്ലാ കൗണ്‍സിലില്‍ ഓഫീസിന്റെ മതിലിലും മറ്റ് ചില ഓഫീസുകള്‍ക്ക് മുന്നിലെ ചുവരുകളിലുമാണ് ‘കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പതിച്ചത്. പോസ്റ്ററില്‍ ‘തിരുത്തല്‍ വാദികള്‍ സി.പി.ഐ അമ്പലപ്പുഴ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

പോസ്റ്റര്‍ ഒട്ടിക്കാന്‍ വന്നവരുടെ ദൃശ്യം ഒരു സ്ഥാപനത്തിന്റെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ പുന്നപ്രയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് കൃഷ്ണകുമാര്‍ റെഡ്യാരാണ് കാര്‍ കൊണ്ടുപോയതെന്ന് ഉടമ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. കൃഷ്ണകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലാണെന്നും സ്ഥലത്ത് എത്തിയാലുടന്‍ സ്റ്റേഷനില്‍ ഹാജരാകാമെന്നും അറിയിച്ചതായി പൊലീസ് പറഞ്ഞു.കാറില്‍ നിന്ന് പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊണ്ടുവന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്

പിന്നില്‍ കാനത്തിന്റെ ഗ്രൂപ്പിലെ ആള്‍ക്കാര്‍?

ആലപ്പുഴയില്‍ കാനം വിഭാഗവും കെ.ഇ. ഇസ്മയില്‍ വിഭാഗവും വളരെ ശക്തമാണ്. പിടിയിലായവര്‍ കാനം വിഭാഗക്കാരാണ്. ഇസ്മയില്‍ വിഭാഗം ചെയ്തതായി വരുത്തിതീര്‍ക്കാനായിരുന്നു പദ്ധതി എന്നറിയുന്നു. പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നില്‍ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയിലെ പല സി.പി.ഐ നേതാക്കള്‍ക്കും പങ്കുള്ളതായാണ് സൂചന. ആലപ്പുഴ നഗരത്തില്‍ നേരത്തേ സി.പി.ഐക്ക് ഒരു കമ്മിറ്റിയേ ഉണ്ടായിരുന്നുള്ളൂ. ഇത് ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികളായി വിഭജിച്ചു. രണ്ട് കമ്മിറ്റികളുടെയും സെക്രട്ടറിയായി കാനം പക്ഷക്കാരെ വച്ചു. ഇസ്മയില്‍ പക്ഷക്കാരെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ആലപ്പുഴ മണ്ഡലം മുന്‍ സെക്രട്ടറി വി.എം. ഹരിഹരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

സി.പി.ഐയില്‍ നിന്ന് പുറത്താക്കി

പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ കെ.യു.ജയേഷ്,ഷിജു,കൃഷ്ണകുമാര്‍ റെഡ്യാര്‍ എന്നിവരെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയന്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…