സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എവിടെയെന്ന വിലാപം സി.പി.ഐ.യില്‍ ശക്തമാകുന്നു: കാനത്തിന്റെ മൗനം ‘പാര്‍ട്ടി സെന്ററി’ന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചെന്നാണ് ആക്ഷേപം

16 second read

കൊച്ചി:സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എവിടെയെന്ന വിലാപം സി.പി.ഐ.യില്‍ ശക്തമാകുന്നു. കുറിക്കുകൊള്ളുന്ന ഇടപെടലുകളിലൂടെ സി.പി.ഐ.ക്ക് നവജീവന്‍ നല്‍കിയ നായകനെ അന്വേഷിക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും പോലീസ് പെരുവഴിയിലിട്ട് തല്ലിയിട്ടും സംസ്ഥാന സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ പടരുകയാണ്.
സി.പി.ഐ. ആണ് യഥാര്‍ഥ ഇടതുപക്ഷം, അതാണ് ശരിയുടെ പക്ഷമെന്നും കേരളത്തിലെ പൊതു സമൂഹത്തില്‍ അഭിപ്രായമുയര്‍ത്തുന്ന വിധത്തിലുള്ള ഇടപെടലായിരുന്നു കാനത്തിന്റെ ഭാഗത്തുനിന്ന് മുമ്പ് ഉണ്ടായിരുന്നത്. അതിന്റെ ഗുണം പാര്‍ട്ടിക്കും ഉണ്ടായി. സി.പി.എമ്മില്‍നിന്ന് പലവിധ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്ന ഒട്ടനവധി പ്രവര്‍ത്തകരെ സി.പി.ഐ.യില്‍ എത്തിക്കാന്‍ സാധിച്ചു. അംഗത്വത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. അതിന്റെ തിളക്കത്തിലാണ് സി.പി.ഐ.യുടെ കഴിഞ്ഞ സമ്മേളനങ്ങളെല്ലാം നടന്നത്. പാര്‍ട്ടിക്കുള്ളിലെ എതിര്‍ചേരിക്ക് മിണ്ടാന്‍പോലും കഴിയാത്ത വിധത്തില്‍ കാനം തരംഗംതന്നെ പാര്‍ട്ടിയിലുണ്ടായി.
എന്നാലിപ്പോള്‍ കാനത്തിന്റെ നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പാണ് ഉണ്ടാക്കുന്നത്. കൊല്ലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ കാനത്തിനെതിരേ വിമര്‍ശനമുണ്ടായി. അതിനു പിന്നാലെയാണ് എറണാകുളത്തെ സംഭവങ്ങള്‍ കാനത്തെ പാര്‍ട്ടിക്കുള്ളില്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്.
അടുത്തകാലത്തായി കാനം തുടരുന്ന മൗനം തിരുത്തല്‍ ശക്തിയെന്ന ലേബല്‍ പാര്‍ട്ടിക്ക് നഷ്ടമാക്കിയിരിക്കുകയാണ്. സമൂഹത്തെ പിടിച്ചുകുലുക്കിയ കസ്റ്റഡി മരണങ്ങള്‍ ഉള്‍പ്പെടെ നിരവധി പൊതു വിഷയങ്ങളില്‍ കാനത്തിന്റെ പതിവു ശൈലിയിലുള്ള ഇടപെടല്‍ ഉണ്ടായില്ല. കാനത്തിന്റെ മൗനം ‘പാര്‍ട്ടി സെന്ററി’ന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചെന്നാണ് ആക്ഷേപം.എറണാകുളത്ത് വര്‍ഷങ്ങളായി സി.പി.എമ്മുമായി സി.പി.ഐ. കൊമ്പുകോര്‍ത്താണ് മുന്നോട്ടുപോകുന്നത്. അതിന് എരിവും പുളിയും പകരാന്‍ കാനം ജില്ലയില്‍ നേരിട്ടെത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ബലത്തില്‍ എറണാകുളത്ത് സി.പി.ഐ.ക്ക് പുത്തന്‍ ഉണര്‍വുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കാനം കൂടെയുണ്ടെന്ന ബലത്തില്‍ ജില്ലയിലെ പാര്‍ട്ടി ശക്തമായ നിലപാടുകളുമായാണ് മുന്നോട്ടു പോയിട്ടുള്ളത്. പലപ്പോഴും സി.പി.എമ്മുമായി ഉരസേണ്ടി വരുമ്പോഴും നേതൃത്വം കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം സി.പി.െഎ. ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു.
എന്നാല്‍, അടുത്തകാലത്തായി അത്തരമൊരു പിന്തുണ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കിട്ടുന്നില്ല. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജുവിനെ തടഞ്ഞുവെച്ചത്, നോക്കിനിന്ന സി.ഐ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജി. ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍, അത് ഉദ്ഘാടനം ചെയ്യാന്‍ പോലും പാര്‍ട്ടി സെന്ററില്‍നിന്ന് ഒരു നേതാവും എത്തിയില്ല. സി.പി.എമ്മിനോട് പോരടിച്ച് പാര്‍ട്ടിയെ വളര്‍ത്തിയ സംസ്ഥാന സെക്രട്ടറി നിര്‍ണായക ഘട്ടത്തില്‍ മിണ്ടാതായതിന്റെ മറിമായമെന്തെന്ന് അന്വേഷിക്കുകയാണ് പ്രവര്‍ത്തകര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…