മാളികപുറത്തമ്മയുടെ മുമ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ കുടിയിറക്കി ; തക്കം നോക്കി പഴയ കെട്ടിടത്തിലേക്കുള്ള മാറ്റത്തില്‍ ഉഗ്രന്‍ മുറി സ്വന്തമാക്കാന്‍ സൂപ്പര്‍ ഗെയ്മുമായി മനോരമ: ദേശാഭിമാനിക്കും കൈരളിക്കും വെവ്വേറെ മുറികള്‍ ലഭിച്ചപ്പോള്‍ ജന്മഭൂമിയും ജനം ടിവി ജീവനക്കാരും ഒറ്റമുറിയില്‍

16 second read

തിരുവനന്തപുരം: മാളികപുറത്തമ്മയുടെ മുമ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ പിണറായി സര്‍ക്കാര്‍ കുടിയിറക്കി. വര്‍ഷങ്ങളായി ശബരിമലയില്‍ ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് മാധ്യമങ്ങള്‍ക്ക് നഷ്ടമാകുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഒഴിപ്പിക്കലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ തീര്‍ത്ഥാടനത്തിന് ഇനി നാല് മാസം കൂടിയേ ഉള്ളൂ. അതുകൊണ്ട് ഈ സ്ഥലം ഇപ്പോള്‍ പൊളിച്ചു മാറ്റുക അസാധ്യമാണ്. അടുത്ത സീസണും കഴിഞ്ഞു മാത്രമേ ഇവിടെ പണിയെടുക്കുക പ്രായോഗികമായി നടക്കൂ. എന്നിട്ടും മാധ്യമ പ്രവര്‍ത്തകരെ എല്ലാം ഈ കെട്ടിടത്തില്‍ നിന്ന് മാറ്റി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറം ലോകത്ത് എത്തിയതില്‍ ഈ കെട്ടിടത്തിന് നിര്‍ണ്ണായക പങ്കുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ ഇവിടെ നിന്ന് മാറ്റുന്നതെന്നും വ്യക്തമാണ്.

മീഡിയോ റൂമിന് താഴെ പാത്രക്കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. ഇവരെയൊന്നും ദേവസ്വം ബോര്‍ഡ് മാറ്റുന്നുമില്ല. ഇതിനൊപ്പം ഈ കടമുറികള്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നുമുണ്ട്. ഇതില്‍ നിന്ന് തന്നെ മാധ്യമങ്ങളെ ഒഴുപ്പിക്കാനുള്ള കള്ളക്കഥയാണ് ഉടന്‍ കെട്ടിടം പൊളിക്കുമെന്നതെന്ന് മാധ്യമങ്ങള്‍ക്കും അറിയാം. ജനം ടിവിയും മറ്റും തീര്‍ത്ഥാടനകാലത്ത് ലൈവ് ചെയ്തിരുന്നത് മാളികപ്പുറത്തെ ഓഫീസിന് മുന്നില്‍ നിന്നാണ്. രാത്രിയിലെ മാളികപ്പുറത്തിന് മുമ്പിലെ നാമജപ പ്രതിഷേധവും മറ്റും തല്‍സമയം പ്രക്ഷേപണം ചെയ്തത് ഈ കെട്ടിടത്തിലെ സൗകര്യം ഉപയോഗിച്ചാണ്. ശബരിമല ശ്രീകോവിലും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാം. അതുകൊണ്ടു തന്നെ അവിടെയുണ്ടാകുന്ന സംഭവങ്ങളും കാണാം. ഇതൊന്നും ഇനി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനെ കുടുക്കിയത് മാധ്യമങ്ങളുടെ നിലപാടാണ്. പ്രത്യേകിച്ച് ജനം ടിവി. സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും വെട്ടിലാക്കുന്നത്. മുറി ഒഴിയാനായി ഔദ്യോഗികമായി രേഖ പോലും മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. ഇന്നലെ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ തന്നെ പുതുതായി മുറി നല്‍കുന്ന കെട്ടിടത്തില്‍ മനോരമയ്ക്ക് നല്ലൊരു മുറി അനുവദിച്ചു. ഇതോടെ അവര്‍ സംതൃപ്തരായി. അങ്ങോട്ട് മാറാന്‍ തീരുമാനിക്കുകയും ചെയ്തു. മനോരമയ്ക്ക് മികച്ച മുറി നല്‍കി അവരെ കൈയിലെടുത്തതു കൊണ്ട് തന്നെ മറ്റ് മാധ്യമങ്ങളും പ്രതിഷേധമില്ലാതെ മുറി ഒഴിഞ്ഞു. എതിര്‍പ്പ് അറിയിച്ചപ്പോള്‍ മാധ്യമങ്ങളുടെ വൈദ്യുതി ബന്ധവും ടെലിഫോണ്‍ കണക്ഷനും മറ്റും കട്ട് ചെയ്യുന്ന തന്ത്രവുമെത്തി. ഇതോടെ ചെറുത്ത് നില്‍പ്പില്ലാതെ എല്ലാവരും ദേവസ്വം ബോര്‍ഡിന് കീഴടങ്ങി.

പത്രക്കാരെ മാറ്റുന്നത് പാത്രക്കാര്‍ക്ക് വേണ്ടിയാണെന്ന വാദവും സജീവമാണ്. മാളികപുറത്തിന് പിറകില്‍ പാത്രങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു. ഇത് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പൊളിച്ചു നീക്കി. ഇതോടെ ഇവരുടെ താമസം വെട്ടിലായി. മാധ്യമ പ്രവര്‍ത്തരെ ഒഴിപ്പിച്ച ശേഷം ഇവിടെ പാത്രക്കാരെ താമസിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് നീക്കമെന്നും സൂചനയുണ്ട്. അതുകൊണ്ടാണ് മീഡിയാ സെന്ററിന്റെ താഴത്തെ നിലയിലെ കച്ചവടക്കാരെ ഒഴിപ്പിക്കാത്തതെന്നും വാദമുണ്ട്. എന്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകരെ മാത്രം മാളികപ്പുറത്തിന് സമീപത്ത് നിന്ന് മാറ്റിയതെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡില്‍ ആര്‍ക്കും ഉത്തരമില്ല. ഈ തീരുമാനങ്ങളെ കുറിച്ച് ദേവസ്വം വകുപ്പിന് ഒന്നും അറിയില്ല. ഇതെല്ലാം ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിയിലെ വിഷയമാണെന്നാണ് വകുപ്പിന്റെ വിശദീകരണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിട്ടാണ് അതിവേഗം മാറ്റുന്നതെന്നും വിശദീകരിക്കുന്നു. ഇന്നലെ മുറി മാറ്റത്തില്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി പല മാധ്യമ പ്രവര്‍ത്തകരും പത്മകുമാറിനെ വിളിച്ചിരുന്നു. ഇവരോടെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ മുറി ഒഴിയാത്തതു കൊണ്ട് മുഖ്യമന്ത്രി പ്രകോപിതനാണെന്നും പത്മകുമാര്‍ പറഞ്ഞിട്ടുണ്ട്. എന്തു വന്നാലും ഒഴുപ്പിക്കുമെന്നും പത്മകുമാര്‍ അവരോട് വെളിപ്പെടുത്തി. തനിക്കൊന്നും ചെയ്യാനാകില്ലെന്നായിരുന്നു വിശദീകരണം.

ഇന്നലെ മിക്കവാറും മാധ്യമങ്ങളെ മാളികപ്പുറത്തിന് മുമ്പുള്ള മീഡീയാ സെന്ററില്‍ നിന്ന് മാറ്റി. പകരം നല്‍കിയിരിക്കുന്നത് നടപന്തലിലെ പഴയ ഗസ്റ്റ് ഹൗസാണ്. ഇവിടെ തീരെ കുറച്ചു സംവിധാനങ്ങള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളൂവെന്നും പരാതിയുണ്ട്. രണ്ട് പേര്‍ക്ക് ഒരു മുറി എന്ന നിലയിലാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ദേശാഭിമാനിക്കും കൈരളി ടി വിക്കും ഓരോ മുറി അനുവദിച്ചിട്ടുമുണ്ട്. പത്രവും ചാനലും സ്വന്തമായുള്ള മാനേജ്‌മെന്റുകള്‍ക്ക് ഒരു മുറിയും കിട്ടും. ഇത് അനുസരിച്ച് മാതൃഭൂമിക്കും മനോരമയ്ക്കും മംഗളത്തിനും കൈരളിക്കും പ്രത്യേക മുറികള്‍ കിട്ടി. ഇത് മൂന്നിനും ചാനലും പത്രവും ഉള്ളതു കൊണ്ടാണിത്. ഏഷ്യാനെറ്റിനും പ്രത്യേക മുറി നല്‍കിയിട്ടുണ്ട്. മറ്റ് ചാനലുകള്‍ താക്കോല്‍ ഏറ്റുവാങ്ങാത്തതു കൊണ്ട് ആര്‍ക്കെല്ലാമാണ് മുറി പങ്കിട്ട് നല്‍കിയതെന്ന് വ്യക്തമല്ല.

കൈരളിക്കും ദേശാഭിമാനിക്കും പ്രത്യേകം മുറി അനുവദിച്ചത് വിവാദമാകും. രണ്ടും രണ്ട് മാനേജ്‌മെന്റാണെന്നും ഏഷ്യാനെറ്റിനും മറ്റും പ്രത്യേക മുറി നല്‍കിയിട്ടുണ്ടെന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. രണ്ട് പേരും ശബരിമലയില്‍ നടത്തുന്ന ഇടപെടലുകള്‍ കൂടി കണക്കിലെടുത്താണ് ഇതെന്നും പറയുന്നു. ദേവസ്വം ബോര്‍ഡ് യോഗമാണ് ഈ മുറികള്‍ അലോട്ട് ചെയ്യുന്നത്. ഇവിടെയാണ് ജനവും ജന്മഭൂമിയും പ്രതിഷേധവുമായെത്തുന്നത്. ഇത് രണ്ടും രണ്ട് മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് പേരും കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ മികച്ച ഇടപെടലും നടത്തി. ജനം ടിവിയുടെ റേറ്റിംഗാണ് മണ്ഡലകാലത്ത് കുതിച്ചുയര്‍ന്നതും. അതുകൊണ്ട് തന്നെ ജനത്തിലും ജന്മഭൂമിക്കും രണ്ട് മുറികള്‍ വേണമെന്നാണ് അവരുടെ ആവശ്യം.
എന്നാല്‍ രണ്ടും സംഘപരിവാര്‍ സ്ഥാപനങ്ങളാണെന്നും അതുകൊണ്ട് ഒരു മുറി മതിയെന്നുമാണ് ബോര്‍ഡിന്റെ പക്ഷം. അങ്ങനെയെങ്കില്‍ കൈരളിയും ദേശാഭിമാനിയും സിപിഎമ്മിന്റേതല്ലെന്ന മറുവാദവും സജീവമാണ്. ഇതിന് ബോര്‍ഡിന് നിശബ്ദതയാണ് മറുപടി. അങ്ങനെ മുറി മാറ്റല്‍ വിവാദത്തില്‍ രാഷ്ട്രീയവും എത്തുകയാണ്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …