വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ദൗത്യം പഠനം വിജയകരമായും മാതൃകാപരമായും പൂര്‍ത്തിയാക്കുക എന്നതാണെന്ന് നടന്‍ പൃഥ്വിരാജ്

17 second read

എറണാകുളം: വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ദൗത്യം പഠനം വിജയകരമായും മാതൃകാപരമായും പൂര്‍ത്തിയാക്കുക എന്നതാണെന്ന് നടന്‍ പൃഥ്വിരാജ്. എറണാകുളം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡന്‍ എം.പി സംഘടിപ്പിച്ച എം.പി അവാര്‍ഡ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിജയം നേടുക എന്നത് വിദ്യാര്‍ത്ഥി ജീവിതത്തിലെ ഒരു ദൗത്യമാണെന്നും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായവര്‍ക്ക്, വരുംകാല ജീവിതത്തിന്റെ ദൗത്യങ്ങളും വിജയകരമായും ശുഭകരമായും പൂര്‍ത്തികരിക്കാനാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. കാലം അവശ്യപ്പെടുന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്നും, പുതിയ കാലം വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ തുറന്നിട്ടിരിക്കുന്ന സാദ്ധ്യതകളെക്കുറിച്ച് തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തൊഴില്‍ സാദ്ധ്യതകളെക്കുറിച്ചും കാലത്തിന് വന്ന മാറ്റത്തെക്കുറിച്ചും രക്ഷകര്‍ത്താക്കള്‍ നന്നായി മനസിലാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സിനിമ അഭിനയത്തോട് തോന്നിയ അഭിനിവേശത്തെ തന്റെ അമ്മ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പൃഥ്വിരാജ് എന്നൊരു നടന്‍ ഉണ്ടാകില്ലായിരുന്നു. സിനിമയോടുള്ള തന്റെ അഭിനിവേശത്തെ തിരിച്ചറിഞ്ഞ തന്റെ അമ്മ, താനെന്ന സിനിമ നടന് തടസം നിന്നില്ല എന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും പൃഥ്വിരാജ് പറഞ്ഞു.എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് മേഖലയിലെ 189 സ്‌കൂളുകളീല്‍ നിന്നായി 1742 കുട്ടികളാണ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.. നൂറു ശതമാനം വിജയം നേടിയ 69 സ്‌ക്കൂളുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 29-ാം റാങ്ക് നേടിയ കടുങ്ങല്ലൂര്‍ സ്വദേശി ശ്രീലക്ഷ്മി ആര്‍, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ എളമക്കര സ്വദേശി വിഘ്‌നേഷ് എം നായര്‍, നാലാമത്തെ വയസില്‍ മുഖത്ത് പൊള്ളലേറ്റ് മാരകമായി പരിക്കേറ്റിട്ടും അതിജീവനത്തിന്റെ മാതൃകയായി മാറിയ കളമശ്ശേരി സ്വദേശി ഡോ.ഷാഹിന തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും കീബോര്‍ഡിസ്റ്റ് നെവിലും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

ഹൈബി ഈഡന്‍ എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്വാഗതം പറഞ്ഞു. പി.ടി തോമസ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, ബി പി സി എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…