രാജ്യാന്തര കോടതിയില്‍ ഇന്ത്യന്‍ നയതന്ത്ര ജയം ജാദവിന്റെ വധശിക്ഷ തടഞ്ഞു

16 second read

ഹേഗ് :ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു. വധശിക്ഷ പാകിസ്ഥാന്‍ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി ജാദവിന് നീതിപൂര്‍വകമായ വിചാരണ ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
ജാദവിന് വേണ്ടി രണ്ടു വര്‍ഷത്തിലേറെയായി നിയമയുദ്ധം നടത്തുന്ന ഇന്ത്യയ്ക്ക് ഈ വിധി വന്‍ നയതന്ത്ര വിജയമായി. അതേസമയം, ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ രാജ്യാന്തരകോടതി ആസ്ഥാനമായ പീസ് പാലസില്‍ കോടതി പ്രസിഡന്റ് അബ്ദുള്‍ ഖാവി അഹമ്മദ് യൂസഫ് ആണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാര്‍ക്ക് നയതന്ത്ര സഹായം വ്യവസ്ഥ ചെയ്യുന്ന വിയന്ന ഉടമ്പടിയും അതുപ്രകാരം ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള ഇന്ത്യയുടെ അവകാശവും പാകിസ്ഥാന്‍ ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജാദവ് കേസില്‍ രാജ്യാന്തര കോടതിക്ക് ഇടപെടാനാകില്ലെന്നും, ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ കേസില്‍ വിയന്ന ഉടമ്പടി ബാധമല്ലെന്നുമുള്ള വാദം തള്ളിയത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. പാകിസ്ഥാന്‍ ആരോപിക്കുന്നതു പോലെ ജാദവ് ചാരവൃത്തി നടത്തിയതിന് തെളിവുകളില്ല. ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാതിരുന്നതിലൂടെ വിയന്ന കരാറിന്റെ വ്യക്തമായ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കോടതിയിലെ 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല, പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുകയും ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള ജഡ്ജി തസാദഖ് ഹുസൈന്‍ ഗീലാനി മാത്രമാണ് വിധിയെ എതിര്‍ത്തത്.

വിയന്ന ഉടമ്പടിക്ക് പുറമേ, ഇരുരാജ്യങ്ങളിലും തടവിലാക്കപ്പെടുന്നവര്‍ക്ക് പരസ്പരം നയതന്ത്ര സഹായം ലഭ്യമാക്കാന്‍ 2008 ല്‍ ഇന്ത്യയുമായി ഒപ്പുവച്ച കരാറും പാകിസ്ഥാന്‍ ലംഘിച്ചതായി കോടതി കുറ്റപ്പെടുത്തി. ചാരവൃത്തി ആരോപണം മുഖവിലയ്‌ക്കെടുക്കാതിരിക്കുകയും, കേസില്‍ നീതിപൂര്‍വക വിചാരണ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ ശിക്ഷ ഇളവു ചെയ്യാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാകും. വിധിയെ ഇന്ത്യ സ്വാഗതം ചെയ്തപ്പോള്‍ പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.
2017 മേയ് എട്ടിന്, കുല്‍ഭൂഷണ്‍ കേസില്‍ രാജ്യാന്തര കോടതിയെ സമീപിച്ചതു മുതല്‍ പാകിസ്ഥാന്റെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ തെളിവുകള്‍ നിരത്തി പൊരുതിയ ഇന്ത്യക്ക് രാജ്യാന്തര തലത്തില്‍ കൈവന്ന സുപ്രധാന നയതന്ത്ര വിജയമാണ് ചരിത്രവിധി.

അതിര്‍ത്തി കടന്ന് ഇന്ത്യ ഭീകരപ്രവര്‍ത്തനം നടത്തിയതിനും, ജാദവ് ചാരവൃത്തി നടത്തിയതിനും തെളിവുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ കൈമാറിയ വ്യാജ രേഖകള്‍ രാജ്യാന്തര കോടതിയില്‍ വിലപ്പോയില്ല. വിയന്ന കരാര്‍ ലംഘനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതു കൂടിയാണ് വിധി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…