ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം വൈകാതെയുണ്ടാകും

19 second read

ശ്രീഹരിക്കോട്ട: സാങ്കേതികത്തകരാര്‍മൂലം നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം വൈകാതെയുണ്ടാകും. ഒരുമാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.

വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാല്‍ ഈ മാസംതന്നെ വിക്ഷേപണം നടത്താനാകും. വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോള്‍ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജി.എസ്.എല്‍.വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നീട്ടിവെച്ചത്. തുടര്‍ന്ന്, നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിള്‍ അസംബ്‌ളി യൂണിറ്റിലേക്ക് കൊണ്ടുപോകും. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങള്‍കൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കാനാവൂ എന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു.
റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്. റോക്കറ്റ് എന്‍ജിനിലെ സമ്മര്‍ദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തല്‍. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കേയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതീവ മുന്‍കരുതല്‍ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചാന്ദ്രദൗത്യം വീക്ഷിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാന്‍-2 സുരക്ഷിതമാണ്. ദ്രവഹൈഡ്രജനും ദ്രവഓക്സിജനും റോക്കറ്റില്‍നിന്ന് നീക്കം ചെയ്തതിനാല്‍ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോള്‍. സാങ്കേതിക തടസ്സത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞര്‍ കണ്ടെത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …