കിളിമാനൂര്‍: റിട്ട: അദ്ധ്യാപകനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ കിളിമാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ ബി.കെ. അരുണിന് പിറ്റേ ദിവസം തന്നെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യത്തിനുള്ള പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പള്ളിക്കല്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ 302 / 2018 ക്രൈം നമ്പരിലുള്ള മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ അന്വേഷണ മികവിനാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന അരുണിന് റിവാര്‍ഡ് ലഭിച്ചത്. അന്വേഷണ സംഘത്തില്‍ അന്നുണ്ടായിരുന്ന കിളിമാനൂര്‍ സി.ഐ വി.എസ്. പ്രദീപ് കുമാര്‍, വര്‍ക്കല സി.ഐ ആയിരുന്ന പി.വി. രാജേഷ് കുമാര്‍, പള്ളിക്കല്‍ എസ്.ഐ.ആയിരുന്ന ശ്യാംജി, ഷാഡോ പൊലീസ് എസ്.ഐ ഷിജു കെ.എല്‍.നായര്‍
എന്നിവര്‍ക്കൊപ്പമാണ് അരുണിനും റിവാര്‍ഡ് ലഭിച്ചത്. 2018 മാര്‍ച്ചില്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ സ്വന്തം സ്റ്റുഡിയോയ്ക്ക് മുന്നില്‍ വച്ച് കാറില്‍ എത്തിയ സംഘം വെട്ടി കൊലപെടുത്തിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതി വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞങ്കിലും വിദേശത്തായതിനാല്‍ ഇനിയും പിടി കൂടാനായിട്ടില്ല. ബാക്കി പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണ മികവിനാണ് പുരസ്കാരം. ബി.കെ. അരുണ്‍ കിളിമാനൂര്‍ എസ്.ഐ ആയിരിക്കുമ്പോഴാണ് മികച്ച ശുചിത്വ പൊലീസ് സ്റ്റേഷനുള്ള പുരസ്കാരം കിളിമാനൂര്‍ സ്റ്റേഷന് ലഭിച്ചത്.