വള്ളികുന്നം: പൊലീസ് കുപ്പായമണിഞ്ഞതിന്റെ അഞ്ചാം വര്‍ഷിക ദിനത്തിലാണു സൗമ്യയുടെ ദാരുണാന്ത്യം. 2014 ജൂണ്‍ 15ന് ആണു സൗമ്യ പൊലീസ് സേനാംഗമായത്. എരിഞ്ഞുതീര്ന്നതു മറ്റൊരു ജൂണ്‍ 15ന്.ബിരുദ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണു സൗമ്യ വിവാഹിതയായത്. 2 കുട്ടികള്‍ ജനിച്ചതിനു ശേഷമാണു പൊലീസ് ടെസ്റ്റ് എഴുതി ജോലി നേടിയത്. കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളാണ്.
ഇന്ദിര തയ്യല്‍ജോലിയും മറ്റും ചെയ്താണു സൗമ്യയെയും സഹോദരി രമ്യയെയും പഠിപ്പിച്ചത്. അബുദാബിയിലുള്ള സഹോദരി ഇന്നലെ എത്തി.എല്ലായ്പോഴും സന്തോഷത്തോടെയാണു സൗമ്യ മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. ജോലിയില്‍ തികഞ്ഞ കൃത്യനിഷ്ഠയും പാലിച്ചിരുന്നു. സൗമ്യയുടെ കീഴില്‍ പരിശീലനം നേടിയിരുന്ന എസ്പിസി കെഡറ്റുകളില്‍ ചിലര്‍ വള്ളികുന്നത്തെ വീട്ടിലെത്തി.
രാവിലെ എത്തിയത് ഇലിപ്പക്കുളം കെകെഎം ഗവ.എച്ച്എസ്എസിലെ 8 പേരാണ്. പരസ്പരം നിറഞ്ഞ കണ്ണുകളോടെ നോക്കിയിരിക്കാനല്ലാതെ ഒരുവാക്കുപോലും മിണ്ടാനായില്ല ആര്‍ക്കും. കൊല്ലപ്പെട്ട ദിവസം രാവിലെ 7.15നു സ്കൂളിലെത്തി ഒരു മണിക്കൂര്‍ പരിശീലനം നല്കിയ ശേഷമാണു പിഎസ്സി പരീക്ഷയെഴുതാന്‍ പോയത്. മടങ്ങിയെത്തിയശേഷം ഡ്യൂട്ടിക്കു പോകാനിറങ്ങിയപ്പോഴാണ് അജാസ് ആക്രമിക്കുന്നത്.