ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്റെ ആള്‍മാറാട്ടം: പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കും സസ്പെന്‍ഷന്‍

16 second read

തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്റെ ആള്‍മാറാട്ടം. മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ടു വിദ്യാര്‍ഥികളുടെ ഇംഗ്‌ളീഷ് പേപ്പര്‍ പൂര്‍ണമായും 32 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നത്.
സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് കുട്ടികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതെന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ. ജയശ്രീയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസല്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.പരീക്ഷാചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ് വി. മുഹമ്മദ്. ഇയാള്‍ രണ്ടുകുട്ടികള്‍ക്കുവേണ്ടി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതി. 32 വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ സയന്‍സ് പേപ്പര്‍ കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന തരത്തില്‍ തിരുത്തിയെഴുതി. പ്ലസ് വണ്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് ഡയറക്ടര്‍ ശുപാര്‍ശചെയ്തിട്ടുണ്ട്.

മൂല്യനിര്‍ണയ ക്യാമ്പില്‍ ഇംഗ്ലീഷ് ഉത്തരപ്പേപ്പര്‍ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തില്‍ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മുതിര്‍ന്നവരും കൂടുതല്‍ പഠിപ്പുള്ളവരുമായ ആരോ ആണ് അവ എഴുതിയെന്നതായിരുന്നു സംശയം. കൂടുതല്‍ പരിശോധനയ്ക്കായി അവ പരീക്ഷാബോര്‍ഡിലേക്ക് അയച്ചു. ഈ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പരീക്ഷാപേപ്പര്‍ പല ക്യാമ്പുകളില്‍നിന്നായി വരുത്തി. അവയിലെ കൈയക്ഷരം പരിശോധിച്ച് ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകരെയും കുട്ടികളെയും പരീക്ഷാബോര്‍ഡ് സെക്രട്ടറി വിളിച്ചുവരുത്തി.

പ്രിന്‍സിപ്പലും അഡീഷണല്‍ ഡെപ്യൂട്ടി ചീഫും പരീക്ഷാബോര്‍ഡിന് മുന്നില്‍ ഹാജരായി. പുറത്തുനിന്നുള്ള അധ്യാപകനായ ഡെപ്യൂട്ടി ചീഫ് തെളിവെടുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. നിരപരാധികളായതിനാല്‍ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരിക്ഷാപേപ്പര്‍ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തി. കംപ്യൂട്ടര്‍ സയന്‍സ് പേപ്പറില്‍ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേര്‍ത്തതായും സമ്മതിച്ചു.കുട്ടികളെ അധ്യാപകര്‍ സഹായിച്ചതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണോ എന്നറിയാനും കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം പോലീസിന് വിടാന്‍ ശുപാര്‍ശചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഒത്താശ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സംശയിക്കുന്നുവെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …