പത്തനംതിട്ടയില്‍ വിജയസാധ്യത കെ സുരേന്ദ്രന് തന്നെ : പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടത് സൂചിപ്പിക്കാതെ സിപിഎം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്: ആന്റോയുടെ കൈയിലിരുന്ന പെന്തിക്കോസ്ത് വോട്ടുകള്‍ വീണക്ക് ലഭിച്ചെന്ന്

22 second read

തിരുവനന്തപുരം: ശക്തമായ ത്രികോണ മല്‍സവം നടന്ന പത്തനംതിട്ടയില്‍ അടിയൊഴുക്കുകള്‍ സത്യം. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളില്‍ നിന്ന് വോട്ട് കൂട്ടത്തോടെ എന്‍ഡിഎയിലേക്ക് ഒഴുകി. അണികളും നേതാക്കളുമുള്‍പ്പെടെ ഒരു വിഭാഗം ഇക്കാര്യം മനസിലാക്കിയെങ്കിലും പുറത്തു പറയുന്നത് തങ്ങളുടെ വോട്ടുകള്‍ സുരക്ഷിതമെന്ന്. ശബരിമല ഉള്‍പ്പെടുന്ന മേഖലയിലെ ന്യൂനപക്ഷ വോട്ടുകള്‍ കൂടി എന്‍ഡിഎയ്ക്ക് അനുകൂലമായി വീണതോടെ ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ കെ സുരേന്ദ്രന് തന്നെ. സര്‍വേകളും പോളിങ് അനന്തര കണക്കു കൂട്ടലുകളും ഇതാണ് തെളിയിക്കുന്നത്. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ സിപിഎം സൈബര്‍ പോരാളികളും യുഡിഎഫ് നേതാക്കളും തയാറല്ല.

ഹൈന്ദവ സമുദായത്തിലുണ്ടായ അഭൂതപൂര്‍വമായ ധ്രുവീകരണമാണ് ഇടതു-വലതു മുന്നണികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്. ഈഴവ-നായര്‍-ദളിത് മേഖലകളില്‍ നിന്നും സുരേന്ദ്രന് കൂട്ടത്തോടെ വോട്ട് മറിഞ്ഞിട്ടുണ്ട്. .എന്നാല്‍, ഇക്കാര്യം സിപിഎമ്മിന്റെ അതാത് ബൂത്തു കമ്മറ്റികള്‍ മറച്ചു പിടിച്ചാണ് മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വോട്ടുകള്‍ കൂട്ടത്തോടെ സുരേന്ദ്രന് മറിഞ്ഞിട്ടുണ്ട്. ഇതൊന്നും എന്‍ഡിഎയ്ക്കുള്ള വോട്ടുകള്‍ അല്ലെന്നും സുരേന്ദ്രന് വ്യക്തിപരമായി നല്‍കിയതാണെന്നും വോട്ടര്‍മാര്‍ പറയുന്നു. ഇക്കാര്യം പരസ്യമായി പറയാനും വോട്ടര്‍മാര്‍ മടിക്കുന്നില്ല എന്നാതാണ് അത്ഭുതപ്പെടുത്തുന്നത്.

പരമ്പരാഗത സിപിഎം-കോണ്‍ഗ്രസ് വോട്ടുകള്‍ എന്‍ഡിഎയിലേക്ക് മറിയുമ്പോഴും കണക്കുകള്‍ നോക്കിയാണ് ഇരുകൂട്ടരും വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. ഇക്കുറി എല്ലാ ശതമാനക്കണക്കുകളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമൊക്കെ കടലാസില്‍ മാത്രമായിരിക്കുമെന്നാണ് വോട്ടര്‍മാരുടെ പ്രതികരണം തെളിയിക്കുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിനും എല്‍ഡിഎഫിനും വോട്ട് ചെയ്തിരുന്നവര്‍ മാറി ചിന്തിക്കാന്‍ കാരണമായിരിക്കുന്നത് ശബരിമല വിഷയമാണ്. കെ സുരേന്ദ്രനെ സര്‍ക്കാര്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് തന്നെയാണ് ഏറെപ്പേരും കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നത് കാരണം ആന്റോ ജയിക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പെന്തക്കോസ്ത് സഭയുടെ വോട്ടുകള്‍ ആന്റോ കൈവപ്പെടുത്തിയിരുന്നു. ഭാര്യ ഗ്രേസ് പെന്തക്കോസ്ത് മതവിശ്വാസിയായതായിരുന്നു ഇതിന്റെ കാരണം. ഇക്കുറി വീണാ ജോര്‍ജ് ഈ വോട്ടുകള്‍ കൈവപ്പെടുത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സെക്രട്ടറിയായിരുന്ന വീണയുടെ ഭര്‍ത്താവ് ജോര്‍ജി മുഖേനെയാണ് ഈ വോട്ടുകള്‍ എല്‍ഡിഎഫിന്റെ പെട്ടിയില്‍ എത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് ഈ രീതിയില്‍ ഭിന്നിക്കപ്പെട്ടപ്പോള്‍ ഭൂരിപക്ഷത്തിന്റെ വോട്ട് സുരേന്ദ്രന് വേണ്ടി ഏകീകരിക്കുകയാണുണ്ടായത്. ഇതിനൊപ്പം തന്നെ യുഡിഎഫില്‍ നിന്ന് ആന്റോ വിരുദ്ധ വോട്ടുകളും എല്‍ഡിഎഫില്‍ നിന്ന് വീണ വിരുദ്ധ വോട്ടുകളും പോയത് എന്‍ഡിഎയിലേക്കാണ്. രണ്ടു ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ക്കായി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിക്കപ്പെട്ടപ്പോള്‍ ഹൈന്ദവ വോട്ടുകള്‍ സുരേന്ദ്രനായി ഏകീകരിക്കുകയും ചെയ്തു. എസ്ഡിപിഐ വോട്ടുകള്‍ ആന്റോ ആന്റണിയ്ക്കാണ് ലഭിച്ചത്.

അതേസമയം, ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുമില്ല. ളാഹ, പെരുനാട്, മുക്കൂട്ടുതറ, എരുമേലി, കണമല തുടങ്ങിയ പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ശബരിമലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഒരു മണ്ഡല-മകരവിളക്ക് കാലത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബങ്ങള്‍ ശേഷിച്ച മാസം ജീവിക്കുന്നത്. ഇക്കുറി ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. സംഘര്‍ഷഭരിതമായ മണ്ഡല-മകരവിളക്ക് കാലത്ത് ഭക്തര്‍ എത്താതിരുന്നത് ഇവരെ ബാധിച്ചു. സര്‍ക്കാരിന്റെ പിടിവാശി മൂലമാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായത് എന്ന് വിശ്വസിക്കുന്നവര്‍ ആണേറെയും. ഇത്തരക്കാരുടെ വോട്ട് എല്‍ഡിഎഫിനും യുഡിഎഫിനും പോയിട്ടില്ല എന്ന് അവിടെ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

സിപിഎമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും അടക്കം കൂട്ടത്തോടെ സുരേന്ദ്രന് വോട്ട് ചെയ്തുവെന്നാണ് വിവരം. അതിശക്തമായ ഒഴുക്കു തന്നൊയണ് ഈഴവ-നായര്‍ വോട്ടുകളില്‍ ഉണ്ടായിരിക്കുന്നത്. ഏതാനും ചില കോളനികള്‍ ഒഴികെ പട്ടികജാതി/വര്‍ഗ വോട്ടുകളും എന്‍ഡിഎയ്ക്കാണ് പോയിരിക്കുന്നത്. 3.50 ലക്ഷം വോട്ടാണ് എന്‍ഡിഎ കണക്കു കൂട്ടുന്നത്. സ്വകാര്യമായി സര്‍വേ നടത്തിയ ചില ഏജന്‍സികള്‍ 4 ലക്ഷം വോട്ടു വരെ സുരേന്ദ്രന് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…