പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശക്തമായ വെല്ലുവിളിയായതോടെ എല്‍ഡിഎഫിന്റെ നേതൃത്വം പരാജയഭീതിയില്‍

17 second read

തിരുവല്ല: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശക്തമായ വെല്ലുവിളിയായതോടെ എല്‍ഡിഎഫിന്റെ നേതൃത്വം പരാജയഭീതിയില്‍. നഷ്ടമാകാന്‍ സാധ്യതയുള്ള ഹൈന്ദവ വോട്ടുകള്‍ തിരികെ പിടിക്കാനും വ്യാജപ്രചാരണം നടത്തി വോട്ടുചോര്‍ച്ച തടയാനുമുള്ള നീക്കം ശക്തമായി. ഏതു തറക്കളി നടത്തിയും വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന നേതൃത്വം ഇതിന് അനുമതിയും നല്‍കി കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. വിവിപാറ്റ് മെഷിനുകളിലെ രസീതുകള്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിയുമെന്നും അതു കൊണ്ട് വോട്ട് മറിക്കാന്‍ ആരും ശ്രമിക്കരുതെന്നുമുള്ള സന്ദേശമാണ് തിരുവല്ല മേഖലയില്‍ നല്‍കിയിരിക്കുന്നത്. വോട്ടു ചെയ്യുന്ന ആളുടെ സീരിയല്‍ നമ്പര്‍ വിവിപാറ്റ് സ്ലിപ്പില്‍ പതിയുമെന്നും അതുമായി ഒത്തു നോക്കിയാല്‍ ആര് ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് മനസിലാക്കാനും കഴിയുമെന്നുമാണ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതു കേട്ടതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. ഇവരില്‍ പലരും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്നവരാണ്.

വിവിപാറ്റ് സ്ലിപ്പില്‍ സീരിയല്‍ നമ്പരോ മറ്റേതെങ്കിലും തിരിച്ചറിയല്‍ സൂചനയോ ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ വരുന്ന പക്ഷം, രഹസ്യബാലറ്റിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടും. ഈഴവ സമുദായത്തില്‍ നിന്ന് ശക്തമായ ഏകീകരണമാണ് സുരേന്ദ്രന് വേണ്ടി ഉണ്ടായിരിക്കുന്നത്. മിനിഞ്ഞാന്ന് കടമ്പനാടും ഇന്നലെ തിരുവല്ലയിലും നടന്ന സംഭവ വികാസങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. കടമ്പനാട്ട് ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങില്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. ഇവിടെ വന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ സുരേന്ദ്രനെ കൊണ്ടുവന്നതിനെതിരേ ഈഴവ സമുദായത്തില്‍പ്പെട്ട സിപിഎമ്മുകാര്‍ രംഗത്തു വന്നു. ഇത് കേട്ട് കലിപ്പിലായ സമുദായത്തിലെ യുവാക്കള്‍ അന്ന് വൈകിട്ട് വീണ്ടും സുരേന്ദ്രനെ ക്ഷേത്രത്തിലെത്തിച്ച് സ്വീകരണം നല്‍കിയിരുന്നു.

തിരുവല്ലയില്‍ ഇന്നലെ എസ്എന്‍ഡിപിയുടെ കണ്‍വന്‍ഷന്‍ നഗറില്‍ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് അമിതപ്രാധാന്യം നല്‍കിയപ്പോള്‍ വെള്ളാപ്പള്ളിക്കെതിരേ പരസ്യമായി പ്രതിഷേധം ഉയര്‍ന്നു. വീണയെ നാമം ജപിച്ച് യാത്രയാക്കുകയും ചെയ്തു. നാമം ജപിച്ചത് ബിജെപിക്കാര്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം സൈബര്‍ സഖാക്കളുടെ ശ്രമം. എന്നാല്‍, പണി പാളിയെന്ന് വെള്ളാപ്പള്ളിക്ക് ബോധ്യമായിട്ടുണ്ട്. ഇതോടെ സുരേന്ദ്രന് അനുകൂലമായി നിലപാട് മാറ്റാനും അദ്ദേഹം തയാറായി. തിരുവല്ലയില്‍ ഈഴവ സമുദായത്തില്‍പ്പെട്ട സിപിഐയുടെയും കോണ്‍ഗ്രസിന്റെയും ഓരോ നേതാക്കള്‍ സുരേന്ദ്രന് വേണ്ടി വോട്ടു പിടിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി നേതൃത്വങ്ങള്‍ താക്കീത നല്‍കിയതോടെ പരസ്യ പ്രചാരണത്തില്‍ നിന്നും പിന്മാറി. ഈഴവ ഏകീകരണം വന്നാല്‍ വീണയും ആന്റോയും തോല്‍ക്കാനാണ് സാധ്യത. ഭീഷണി മുന്‍കൂട്ടിക്കണ്ട സിപിഎം മരുമരുന്ന് തേടുകയാണ്.

എന്നാല്‍, സര്‍വേ ഫലങ്ങളിലും ക്രൈസ്തവ-ന്യൂനപക്ഷ വോട്ടുകളിലും കണ്ണു നട്ട് , ഇപ്പോഴേ താന്‍ ജയിച്ചുവെന്ന് പറഞ്ഞു നടക്കുന്ന ആന്റോയും കോണ്‍ഗ്രസുകാരും ഇത് കണ്ടഭാവം നടിക്കുന്നില്ല. ജില്ലയിലെ ഈഴവരുടെ വീടുകളില്‍ സിപിഎമ്മുകാരായ ഈഴവ നേതാക്കളെ നേരിട്ട് വോട്ടുറപ്പിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. സുരേന്ദ്രന്‍ ഈഴവനല്ല, തെങ്ങുകയറ്റ സമുദായക്കാരനാണ്, വിളക്കിത്തല നായരാണ് എന്നിങ്ങനെയുള്ള പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. അടൂരിലാണ് ഭവനസന്ദര്‍ശനം ശക്തമാക്കുന്നത്. ഈഴവരുടെ വീടുകളില്‍ മറ്റു സമുദായക്കാരെ ഒന്നും പ്രചാരണത്തിന് അയയ്ക്കുന്നുമില്ല. പതിവുപോലെ ജാതിക്കാര്‍ഡ് ഇറക്കിയാണ് സിപിഎം മുന്നോട്ടു പോകുന്നത്. ശബരിമല സമരനായകന്‍ സുരേന്ദ്രന്‍ വലിയ മൈലേജാണ് മണ്ഡലത്തിലുള്ളത്. ഇത് മറികടക്കാന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൊണ്ട് മാത്രം സാധിക്കില്ല എന്ന് ഇപ്പോഴാണ് സിപിഎമ്മിന് മനസിലായത്. ഇതോടെയാണ് തറവേലകളുമായി രംഗത്തു വന്നിരിക്കുന്നത്.

ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം യുഡിഎഫിന് വോട്ടു ചെയ്യാനാണ്. യാക്കോബായ, ക്നാനായ സമുദായം എല്‍ഡിഎഫിനൊപ്പം നില്‍ക്കും. എന്നാല്‍, പറയത്തക്ക വോട്ട് ഇവര്‍ക്കില്ല താനും. വീണ ജയിക്കില്ലെന്ന് സിപിഎം നേതൃത്വത്തിനും മനസിലായിട്ടുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പോകാതിരിക്കാനാണ് ശ്രമം. യുഡിഎഫിന്റെ കുത്തക മണ്ഡലമായതിനാല്‍ അവര്‍ ജയിച്ചു എന്ന് പറഞ്ഞ് നില്‍ക്കാന്‍ കഴിയും. എന്നാല്‍, സുരേന്ദ്രന്‍ വിജയിക്കുകയും വീണ മൂന്നാമത് ആവുകയും ചെയ്താല്‍, പിന്നെ പിണറായി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…